പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതായി സൂചന. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പാലക്കാടെത്തിയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിൽ യോഗം ചേർന്നതായാണ് വിവരം. അതേസമയം, ഷാഫി ഇത് നിഷേധിച്ചു. വാർത്ത അടിസ്ഥാനരഹിതമെന്നും താൻ പാലക്കാടെത്തിയത് കല്യാണത്തിൽ പങ്കെടുക്കാനാണെന്നും വ്യക്തമാക്കി. യോഗം ചേർന്നിട്ടില്ലെന്നും 25ന് കർണാടകയിലേക്ക് പോയ താൻ, വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയതെന്നും സി.ചന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പാലക്കാട് വന്നിട്ടില്ല. സ്വദേശമായ അടൂരിലെ വീട്ടിൽ തുടരുകയാണ്. രാഹുലിന്റെ തുടർച്ചയായ അസാന്നിദ്ധ്യം, മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യോഗം ചേർന്നത്.
ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിനെ സർക്കാർ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനാൽ കോൺഗ്രസ് പരിപാടികളിലും ഇടമുണ്ടാകില്ല. ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുപ്പിച്ച് സജീവമാക്കാനാണ് നീക്കം. രാഹുലിനെ തള്ളിപ്പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസും നടപടികളും നിയമപരമായി നേരിടേണ്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നതായാണ് സൂചന.
യോഗത്തെക്കുറിച്ച് അറിയില്ല: സണ്ണി ജോസഫ്
പാലക്കാട് നടന്ന യോഗത്തിന്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തെന്നും പാലക്കാട് രാഹുൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണം തുറന്നു കാട്ടാനുള്ള പരിപാടിയാണ് ഭവനസന്ദർശനമെന്നും കൂട്ടിച്ചേർത്തു.
മാങ്കൂട്ടത്തിൽ വിഷയത്തിൽ
കോൺ. ഒത്തുകളിക്കുന്നു:
എം.വി.ഗോവിന്ദൻ
തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികാരോപണ വിഷയത്തിൽ കോൺഗ്രസ് ഒത്തുകളി നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . രാഹുലിനെതിരാര പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പരാതികളുടെ പരമ്പരയാണ്രാഹുലിനെതിരെ ഉണ്ടായിരിക്കുന്നത്. കേട്ടതിനെക്കാൾ കൂടുതലാണ് കേൾക്കാനുള്ളത്. പുറത്ത് വരുന്നത് മഞ്ഞു മലയുടെ ഒരു ഭാഗം മാത്രമാണ്.പാർട്ടിയിൽ നിന്നു പുറത്താക്കാനോ, എംഎൽഎ സ്ഥാനം രാജി വയ്പിക്കാനോ കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ല. സസ്പെൻഷൻ എത്ര നാളത്തേക്കെന്ന് പറഞ്ഞിട്ടുമില്ല. കോൺഗ്രസിന്റെ ഭരണഘടന പ്രകാരം സസ്പെൻഷൻ 30 ദിവസമാണ്. കോൺഗ്രസിന്റെ ചില നേതാക്കൾ രാഹുലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു.
അക്രമ സമരവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ ശ്രമം. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ അക്രമ സമരത്ഥിൽ പൊലീസിനു നേരെ തീപ്പന്തമെറിഞ്ഞു. .
നല്ല വിശ്വാസികൾ
വർഗീയവാദികളല്ല
സി.പി.എം എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണ്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡാണ്. ശബരിമലയുടെ വികസനത്തിനായി എല്ലാ കാലത്തും ഇടതുപക്ഷ സർക്കാരുകൾ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. നല്ല വിശ്വാസികൾ വർഗീയവാദികളല്ല.വർഗീയ വാദികൾ വിശ്വാസികളുമല്ല. രാജ്യത്തു മഹാ ഭൂരിപക്ഷവും വിശ്വാസികളാണ്. വർഗീയവാദികൾ വിശ്വാസികളല്ല, അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സി.പി.എമ്മിനു പ്രത്യേക രാഷ്ട്രീയ താൽപര്യമൊന്നും ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.