പാലക്കാട്: പൊന്നോണത്തിനായുള്ള കാത്തിരിപ്പിലാണ് ആളുകൾ. സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷം പൊടിപൊടിക്കുന്നുണ്ട്. പൂ വിപണി, വസ്ത്ര വ്യാപാര വിപണി തുടങ്ങി എല്ലാ വ്യാപാരമേഖലയിലും ഏറ്റവുമധികം കച്ചവടം നടക്കുന്ന കാലവും ഓണമാണ്. വസ്ത്രവ്യാപാര ശാലകൾ, ഗൃഹോപകരണ വിപണി, മൊബൈൽ ഇലക്ട്രോണിക്സ് തുടങ്ങിയ വ്യാപാര മേഖലകളെല്ലാം ഈ ഓണക്കാലത്ത് വൻ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്. വസ്ത്രവ്യാപാര മേഖലകളിലെല്ലാം ഓണക്കോടി എടുക്കുന്നവരുടെ തിരക്കാണ്. വ്യത്യസ്തവും പുതിയതുമായ ഒട്ടേറെ തുണികളുടെ സ്റ്റോക്ക് കടകളിലേക്കെത്തിയിരിക്കുന്നു. എല്ലാത്തരം വസ്ത്രങ്ങളും വിറ്റഴിയുന്ന ഏറ്റവും വലിയ സീസണാണ് ഓണക്കാലമെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ ചിങ്ങമാസമായതോടെ വിവാഹങ്ങൾ നടക്കാൻ തുടങ്ങിയതോടെ അതും വസ്ത്ര വിപണിക്ക് ഉണർവ് നൽകുന്നുണ്ട്. കസവു സാരി കൂടാതെ പട്ടു പാവാട മുതൽ റെഡിമെയ്ഡ് തുണികൾ വരെ വേഗത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. റെഡിമെയ്ഡ് ബ്ലൗസുകൾക്ക് ഡിമാൻഡ് ഏറെയുണ്ടെന്ന് ചില വ്യാപാരികൾ പറയുന്നു. 400 മുതൽ 1000 വരെയുള്ള ബ്ലൗസുകളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. 1000 മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. കസവു സാരിയിൽ വിവിധ ട്രെൻഡുകൾ ഇത്തവണയുമുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും ഏറെ ആകർഷണീയമാണ്. അതു പോലെ തന്നെ താരമാണ് ദാവണികളും. 2500 മുതലാണ് ദാവണികളുടെ വില. 2000 മുതൽ 20,000 രൂപ വരെയുള്ള കസവ് സാരികളാണ് ട്രെൻഡ്. മ്യൂറൽ ചിത്രങ്ങൾ ഓണക്കാലത്ത് ഷർട്ടുകളിലെയും സാരികളിലെയും താരമാണ്. മ്യൂറൽ ചിത്രങ്ങളുള്ള ഷർട്ടുകളും കുർത്തകളുമാണ് മറ്റൊരു താരം. 1000 മുതലാണ് വില. കോളേജുകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള ഡ്രസ് കോഡുകളും നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ഒാണക്കോടി തേടിയെത്തുന്നവരെ വമ്പൻ ഒാഫറുകളുമായാണ് വ്യാപാര മേഖലകൾ വരവേൽക്കുന്നത്. കാറുകളും, ബൈക്കുകളും ഗോൾഡ് കോയിനുകളുമാണേറെയും.