dharna
പല്ലശ്ശന പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തനം നിറുത്തിവച്ചിരുന്ന പാറമടയ്ക്ക് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുന്നു.

കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തനം നിറുത്തിവച്ചിരുന്ന പാറമടയ്ക്ക് വീണ്ടും അനുമതി നൽകിയ പഞ്ചായത്ത്‌ തീരുമാനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്തിന് മുന്നിൽ ധ‌ർണ നടത്തി. നൂറു കണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതും, 500 ഏക്കറോളം വരുന്ന കൃഷി സ്ഥലം നാശമാക്കാനിടവരുന്ന പാറമടക്കെതിരെ നാട്ടുകാർ ഒരു വർഷമായി സമരത്തിലാണ്. പാറ പൊട്ടിച്ച സമയത്തു വീടിനു മുകളിൽ കല്ല് വീണപ്പോൾ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറി പാറമട പ്രവർത്തനം നിറുത്തിവെക്കാൻ ഉത്തരവായതാണ്. എന്നാൽ നിയമ ലംഘനം നടത്തി പാറ പൊട്ടിച്ചു വന്ന ക്വാറി ഉടമയ്ക്ക് അനുകൂലമായി പഞ്ചായത്ത് സമിതിയിലെ 10 ഭരണ പക്ഷ അംഗങ്ങൾ ചേർന്നു അനുവാദം കൊടുക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാ‌ർ ആരോപിച്ചു. പ്രതിപക്ഷ മെമ്പർമാരായ കോൺഗ്രസ്‌ അംഗങ്ങൾ വിയോജന കുറിപ്പ് നൽകി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇനി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സമരക്കാരുടെ തീരുമാനം. സമര സമിതി ചെയർമാനും രണ്ടാം വാർഡ് മെമ്പറുമായ എസ്.അശോകൻ ധർണ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.മുരളീധരൻ, പി.എസ്.രാമനാഥൻ, ഡി.മനുപ്രസാദ്, ആർ.ജയനാരായണൻ, കെ.വിജയലക്ഷ്മി,ശ്യാം ദേവദാസ്, എ.ജി.കൃഷ്ണൻ, കെ. കണ്ടൻകുട്ടി, സമര സമിതിയിലെ 82 വയസ്സ് പ്രായമുള്ള അംഗം സി.കുഞ്ച, എൻ.അനന്തൻ, ആർ.കണ്ണപ്പൻ എന്നിവർ സംസാരിച്ചു.