meeting
ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം

 84 റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു

പാലക്കാട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സി.എം.എൽ.ആർ.ആർ.പി) ഉൾപ്പെടുത്തി നവീകരിക്കാനായി ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത എല്ലാ റോഡുകളുടെയും ടെൻഡർ പൂർത്തിയായതായി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു. 84 റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നതായും പാലക്കാട് ജില്ലാ വികസന സമിതി യോഗത്തിൽ എ.പ്രഭാകരൻ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി കളക്ടർ അറിയിച്ചു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വകുപ്പുകൾ കൂടുതൽ ശ്രദ്ധചെലുത്തണം. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ചു.

നെന്മാറ, വിത്തിനശ്ശേരി ചാണ്ടിച്ചാല ലക്ഷംവീട് ഉന്നതിയിലെ ജീർണാവസ്ഥയിലായ വീടുകൾ നവീകരിക്കുന്നതിനും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റവീടാക്കി മാറ്റുന്നതിനുമായി പ്രത്യേക പാക്കേജ് തയ്യാറാക്കി സമർപ്പിക്കാൻ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. മുതലമട, അട്ടപ്പാടി, കൊല്ലങ്കോട് പി.എച്ച്.സികളിൽ നിലനിൽക്കുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പോത്തനൂർ മുതൽ മംഗലാപുരം വരെ റെയിൽവേയുടെ സുരക്ഷാ വേലി പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുജന സഞ്ചാരത്തിനുണ്ടാവാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി റെയിൽവെ ഡിവിഷണൽ മനേജർക്ക് കത്ത് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശോച്യാവസ്ഥയിലായ കുളപ്പുള്ളി ഷൊർണൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പി.മമ്മിക്കുട്ടി എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മലമ്പുഴ അകത്തേത്തറ ശ്മശാനത്തിന്റെ പ്രവൃത്തി അടുത്ത മാസം ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ആലത്തൂർ മണ്ഡലത്തിലെ മമ്പാട് പൂവത്തിങ്കൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം സെപ്തംബർ 10 ഓടു കൂടി ആരംഭിക്കാൻ സാധിക്കുന്ന വിധത്തിൽ ഡോക്ടറെ നിയമിക്കണമെന്ന് കെ.പ്രേകുമാർ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തിന് അനുവദിച്ച ഡി അഡിക്ഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ഒറ്റപ്പാലം മണ്ണാർക്കാട് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മീനാക്ഷിപുരം ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് വൈദ്യുതി മന്ത്രിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.