vadakkanchery
വടക്കഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് റോഡിൽ നടക്കുന്ന കച്ചവടം.

പാലക്കാട്: വടക്കഞ്ചേരി ടൗണിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒക്കും അനധികൃത വഴിയോര കച്ചവടങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇന്നലെ ചേർന്ന പാലക്കാട് ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിലെ റോഡുകൾ കൈയേറിയുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കണമെന്ന് ജനങ്ങളും വ്യാപാരികളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഒട്ടേറെ പ്രതിഷേധത്തിനൊടുവിൽ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പൊലീസ് നടപടി തുടങ്ങിയെങ്കിലും രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ചാണ് വടക്കഞ്ചേരി ടൗണിൽ നടുറോട്ടിൽ വാഹനങ്ങൾ നിറുത്തിയിട്ട് കച്ചവടം നടത്തുന്നത്. ഇതേ തുടർന്ന് വഴി നടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ദിവസങ്ങൾക്ക് മുമ്പ് വ്യാപാരികളുടെ പരാതിയിൽ , റോഡിൽ നിറുത്തിയിട്ട് കച്ചവടം നടത്തിയിരുന്ന വാഹനങ്ങൾ പോലീസ് നീക്കം ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് പോയി ഒരു മണിക്കൂറുകൾക്കകം കച്ചവടക്കാർ വീണ്ടും എത്തി. 250 രൂപയാണ് പോലീസ് ഒരു വാഹനത്തിന് പിഴ ഈഴക്കിയിരുന്നത്. ആ തുക ഇനിയും നൽകാൻ തയ്യാറാണെന്നായിരുന്നു കച്ചവടക്കാരുടെ നിലപാട്. തിരക്കേറിയ മന്ദം ജംഗ്ഷനിൽ നടപ്പാത കൈയേറിയാണ് കച്ചവടം നടത്തുന്നത്. ടൗണിൽ കോഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ വളവിൽ ടാർ റോഡിൽ വലിയ കല്ലുകൾ വെച്ചു സ്ഥലം കൈയേറിയാണ് കച്ചവടം നടത്തുന്നത്. കോഓപ്പറേറ്റീവ് ബാങ്ക് ജംഗ്ഷൻ റോഡ് മുതൽ തങ്കം ജംഗ്ഷൻ റോഡ് വരെ എല്ലായിടത്തും ഉണ്ട് അനധികൃത കച്ചവടങ്ങൾ. വഴിയോര കച്ചവടം പോലെ മറ്റൊരു തലവേദനയാണ് അനധികൃത പാ‌ർക്കിംഗ്. തോന്നിയതുപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ജില്ലാ കളക്ടറുടെ നി‌ർദേശത്തെ തുടർന്ന് ഇന്ന് മുതൽ അനധികൃതമായി വാഹനം പാ‌ർക്ക് ചെയ്യുന്നവ‌ർക്കെതിരെ കർശന നടപടി സ്വീകരിക്കും.