bus-
പെരുമ്പുഴ ബസ്സ് സ്റ്റാൻ്റിൽ അനധികൃത പാർക്കിംഗ്

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാരണം ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതായി പരാതി. മോട്ടോർ വാഹന വകുപ്പും, പൊലീസും കൈയൊഴിഞ്ഞതിനാൽ പഞ്ചായത്ത് ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും രക്ഷയില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാണ് മാറ്റുന്നത്. സ്റ്റാൻഡ് അടച്ചാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തതിന് പിന്നാലെയാണ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗിനെതിരെയും നടപടി എടുത്തത്. ബസ് സ്റ്റാൻഡിൽ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പൊലീസ് ഇടപെട്ടതിന് പിന്നാലെ പൊലീസിനെതിരെ പരാതി ഉയർന്നിരുന്നു.അതിനാൽ അവരും വാഹനങ്ങൾ നിയന്ത്രിക്കാൻ വിമുഖത കാട്ടുകയാണ്. പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും, സ്റ്റാൻഡിലെ സ്ഥലപരിമിതി കാരണം പല ബസുകളും റോഡിൽ നിറുത്തി ആളിറക്കുകയും കയറ്റുകയുമാണ് പതിവ്. പെരുമ്പുഴ സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കുന്നില്ലെന്ന ബസ് ജീവനക്കാരുടെ ആരോപണവുമുണ്ട്. പഞ്ചായത്ത് വക പാർക്കിംംഗ് സ്ഥലം ആശുപത്രിയുടെ സമീപം ഉണ്ടെങ്കിലും അവിടെ വാഹനങ്ങൾ ഇടാൻ ആരും തയാറാകുന്നില്ല.