ആദിവാസി ഉന്നതികളുടെ ആരോഗ്യമായ ഡോ.വിൻസന്റ് സെവ്യർ സർവീസിൽ നിന്ന് പടിയിറങ്ങിയെങ്കിലും കാടിറങ്ങാൻ അദ്ദേഹം ഒരുക്കമല്ല. ആദിവാസി ജനതയെ വിട്ടുപോകാൻ ഒരുക്കമല്ലാത്ത ഡോക്ടർ അമ്മ എമർജൻസി കെയർ എന്ന പേരിൽ സീതത്തോട്ടിൽ ആശുപത്രി തുടങ്ങി കർമ്മനിരതനാകുകയാണ്. കാടിന്റെ മക്കാൻ എന്ന് ഓമനപ്പേരിലാണ് ഡോ.വിൻസന്റ് അറിയപ്പെടുന്നത്, ഇനിയും അങ്ങനെതന്നെ തുടരാനാണ് അദ്ദേഹത്തിന് ആഗ്രഹവും. തമിഴിൽ പ്രിയപ്പെട്ട മകൻ എന്നാണ് മക്കാൻ എന്ന വാക്കിനർത്ഥം.
ആദ്യമായി സീതത്തോട്ടിൽ, എങ്ങനെ ?
സീതത്തോട് മോശമാന സ്ഥലം , അങ്കേ പോകാതെ. സീതത്തോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റം എന്നറിഞ്ഞപ്പോൾ പലരും മുന്നറിയിപ്പ് തന്നു. കാടാണ് വന്യമൃഗങ്ങളൊക്കെയുണ്ടാകും ആദിവാസി ജനതയാണ് കൂടുതൽ, സൂക്ഷിക്കണമെന്ന് പേടിപ്പിച്ചു.
2003 സെപ്തംബറിലാണ് സീതത്തോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ആദ്യ ദിവസം ഏഴ് പേർ മാത്രമാണ് ആശുപത്രിയിലെത്തിയത്. അപ്പോൾ ആശങ്ക തോന്നി. പിന്നീടത് 18 ആയി അൻപത് ആയി എണ്ണം കൂടാൻ തുടങ്ങി. ഡോക്ടറെ പേടിയാണവർക്ക്. ആശുപത്രി എന്തോ അരുതായ്മയാണവർക്ക്. പിന്നീട് പെരുമാറ്റത്തിലൂടെയാണ് അവ മാറ്റിയെടുത്തത്. അപ്പോൾ കൂടുതൽ പേർ ചികിത്സയ്ക്കായി എത്തി. ശേഷം ഗവിയിലെ ശ്രീലങ്കൻ ജനതയേയും ചികിത്സിച്ചു. എഴുപത് കിലോ മീറ്റർ യാത്ര ചെയ്ത് വേണം അവിടെയെത്താൽ. ഒറ്റകൊമ്പന്റെ മുമ്പിൽ അകപ്പെട്ടിട്ടുണ്ട്. പക്ഷെ ഒന്നും പറ്റാതെ രക്ഷപ്പെട്ടു. നിരവധി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടു.
തമിഴ്നാട്ടിൽ നിന്ന് സീതത്തോടിലേക്ക്
തമിഴ്നാട് കന്യാകുമാരിയാണ് സ്വദേശം. തിരുവനന്തപുരം സ്വദേശി മിനിയെ വിവാഹം കഴിച്ചതിന് ശേഷമാണ് കേരളത്തിലെത്തുന്നത്. ശേഷം സർക്കാർ സർവീസിൽ കയറി. തിരുവനന്തപുരത്ത് ആരോഗ്യ വിഭാഗത്തിൽ നിന്നാണ് സീതത്തോട്ടിലേക്കെത്തുന്നത്. ശേഷം 22 വർഷം സീതത്തോടിന് പ്രിയപ്പെട്ട മക്കാൻ ഡോക്ടറായി. എക മകൾ അഷ്കന നിയമ വിദ്യാർത്ഥിനിയാണ്. അമ്മ നിസമ്മാളും അച്ഛൻ ജോണുമാണ് പാവപ്പെട്ടവരുടെ കൂടെ നിൽക്കാൻ പ്രേരണയായത്.
എങ്ങനെയാണ് മക്കാൻ ഡോക്ടറായത്
ഒരു ട്രൈബൽ മെഡിക്കൽ ക്യാമ്പ് ആരംഭിച്ച് കൊണ്ടായിരുന്നു തുടക്കം. അവർ ഒരു തരത്തിലും അടുക്കുന്നേയില്ലായിരുന്നു. ശേഷം ബിസ്ക്കറ്റും കേക്കും പോലുള്ള ഭക്ഷണങ്ങൾ നൽകി അവരുടെ ഭയം മാറ്റി. നിരന്തരമായി സംവദിച്ചു. കുടിലിലേക്ക് പോയി. പല അബന്ധ ധാരണകളേയും തിരുത്തി. അവർ കൂടുതൽ ആവശ്യങ്ങൾക്കായി സമീപിച്ചു. അങ്ങനെ മക്കാൻ ഡോക്ടറായി.
ട്രാൻസ്ഫർ വാങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ലേ?
2010 ട്രാൻസ്ഫറായി പോകേണ്ടി വന്നിട്ടും വേഗത്തിൽ തിരികെ വരേണ്ടി വന്നു. ഒൻപത് മാസം തിരുവനന്തപുരത്ത് ജോലി ചെയ്തു. അപ്പോഴേക്കും ഇവിടെയുള്ള ആദിവാസി ജനങ്ങൾ എന്നെ മടക്കി കൊണ്ട് വരണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ഒടുവിൽ വീണ്ടും മടങ്ങിയെത്തി. ഇനി പോകാതിരിക്കാനായി ഒരു ആശുപത്രിയും തുടങ്ങി. വിരമിച്ചതിന് ശേഷവും ഇവിടെ ഡോക്ടറായി തുടരും.
വിഷമം തോന്നിയിട്ടുള്ള സംഭവം?
തമിഴ്നാട് ഡോക്ടർ ആണെന്നുള്ള സംസാരം പലതവണ കേൾക്കേണ്ടി വന്നിട്ടുണ്ട്. അത് അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യരായവർ എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുമതി.