road-
പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ

കോന്നി: കോന്നി തണ്ണിത്തോട് റോഡിലെ പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നു. മഴപെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളായ തണ്ണിത്തോട് തേക്കുതോട്, കരുമാൻതോട്, ഏഴാംതല, പൂച്ചക്കുളം, തൂമ്പാക്കുളം, മേടപ്പാറ, മേക്കണ്ണം, മൂർത്തിമൺ, മണ്ണിറ, എലിമുള്ളപ്ലാക്കൽ, ഞള്ളൂർ, അതുംബുംകുളം, ആവോലികുഴി, ചെങ്ങറ സമരഭൂമി, കൊന്നപ്പാറ, ചെങ്ങറ, ചെമ്മാനി, അടുകാട്, കോടിയാട്ട് മുരുപ്പ്, കൊന്നപ്പാറ, താവളപ്പാറ, പള്ളിമുരുപ്പ്, അളിയൻമുക്ക്, പയ്യനാ മൺ, മച്ചിക്കാട്, പെരിഞ്ഞൊട്ടക്കൽ, പത്തല്കുത്തി, ചാങ്കൂർ മുക്ക് അട്ടച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ദിവസവും സഞ്ചരിക്കുന്ന റോഡാണിത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് വരുന്ന വിനോദസഞ്ചാരികളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

ഇരുചക്രവാഹനയാത്രികൾ ഭീതിയിൽ

റോഡ് പൊട്ടിപ്പൊളിഞ്ഞത് മൂലം ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അടുകാട് ഭാഗത്തുള്ള പാറമടകളിൽ നിന്ന് ലോഡ് കയറ്റി വരുന്ന ലോറികൾ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. മുൻപ് പലതവണ ഈ ജംഗ്ഷനിൽ ലോറികൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. എലിമുള്ളംപ്ലാക്കൽ, കൊന്നപ്പാറ, താവളപ്പാറ എന്നിവിടങ്ങളിലെ കോളേജുകളിലേക്ക് വരുന്ന വിദ്യാർത്ഥികളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

..................................................................

പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് പരിഹാരം കാണണം.

ഉദയൻ ഹരിത

( പൊതുപ്രവർത്തകൻ )

അറ്റകുറ്റപ്പണി നടത്തിയിട്ട് 10 വർഷം

........................................

ഓട നിർമ്മാണം പാളി

അടുകാട് റോഡ് ടാറിംഗ് നടത്തിയ സമയത്ത് റോഡിന്റെ ഓടകൾ ശരിയായ രീതിയിൽ നിർമ്മിക്കാത്തതിനാൽ മഴപെയ്യുമ്പോൾ അടുകാട് ഭാഗത്തുനിന്നും വരുന്ന വെള്ളം ഈ റോഡിലേക്കാണ് എത്തുന്നത്. 10 വർഷങ്ങൾക്കു മുൻപ് ബി.എം.ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച പി.ഡബ്ല്യു.ഡി റോഡാണിത്.