പത്തനംതിട്ട : സാഹിത്യപ്രവർത്തക സഹകരണസംഘം നാഷണൽ ബുക്ക് സ്റ്റാളിന്റെ ആഭിമുഖ്യത്തിലുള്ള പുസ്തകമേളയ്ക്ക് പത്തനംതിട്ടയിൽ തുടക്കം. വൈ.എം.സി.എ ഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. കേരള ഗ്രാമീൺബാങ്ക് ,കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പുസ്തകങ്ങളുടെ വിതരണം ജനറൽ മാനേജർ പ്രദീപ് പത്മൻ, എ.ഇ.ഒ അമ്പിളി ഭാസ്‌കറിന് കൈമാറി നിർവഹിച്ചു. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ എം. പി സുജാത, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി. കെ. ജി നായർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി ആനന്ദൻ, പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ എസ്. ഉണ്ണിക്കൃഷ്ണൻ, കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ എന്നിവർ സംസാരിച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറി എസ്. സന്തോഷ്‌കുമാർ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ജി. ബിപിൻ നന്ദിയും പറഞ്ഞു. മേളയിൽ എൻ.ബി.എസ് പുസ്തകങ്ങൾക്കു പുറമേ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും വിലക്കുറവിൽ ലഭിക്കും.