പത്തനംതിട്ട: രാജ്യത്ത് ക്രൈസ്തവ ജനവിഭാഗത്തിന് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നാളെ മൗനജാഥയും യോഗവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കന്യാസ്ത്രീകളെ അടിസ്ഥാനരഹിതമായ മനുഷ്യക്കടത്ത് ,മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് തുറുങ്കിലിലടച്ചത് ന്യായീകരിക്കാനാകില്ല.
ജാതി, വർഗീയ ശക്തികളുടെ ഹീനമായ അധിക്ഷേപങ്ങൾക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പൊലീസും ജാമ്യം പോലും നിഷേധിക്കുന്ന തരത്തിൽ ഭരണകൂടവും ക്രൈസ്തവർക്കെതിരായ ആസൂത്രിതമായ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരായി മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വായ് മൂടിക്കെട്ടിയുള്ള മൗനജാഥ ഉച്ചകഴിഞ്ഞ് 3 ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലെത്തി തുടർന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ സമാപിക്കും.
മൗനജാഥയ്ക്ക് കുറിയാക്കോസ് മാർ ക്ലിമീസ് വലിയ മെതാപ്പൊലീത്ത ,ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത , ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത , യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത, ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, പ്രകാശ് പി. തോമസ്, ബിജു ഉമ്മൻ എന്നിവർ നേതൃത്വം നൽകും.
സിസ്റ്റർ പവിത്ര എസ്‌ഐസി, ഫാ. ഏബഹാം മണ്ണിൽ , ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. ബിജു മാത്യു, ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, കെ. കെ. ചെറിയാൻജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.