റാന്നി: അയിരൂർ പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. എം.എൽ.എ യുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി.പി പ്രസാദാണ് പ്രത്യേക പരിഗണന നൽകി അയിരൂർ പഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നാളികേര ഉത്പാദനവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്. '100 ഹെക്ടർ പ്രദേശത്ത് മൂന്ന് വർഷങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ഒന്നാം വർഷം 25.6 ലക്ഷം രൂപയും രണ്ടാം വർഷം എട്ട് ലക്ഷം രൂപയും മൂന്നാം വർഷം 4 ലക്ഷം രൂപയുമാണ് ധനസഹായമായി നൽകുന്നത്. കേട് ബാധിച്ച ഉൽപാദനം നിലച്ച തെങ്ങുകൾ വെട്ടി മാറ്റിയുള്ള പുതിയ തെങ്ങിൻ തൈകൾ നടുക അവയുടെ പരിപാലനം തെങ്ങിന്റെ കൃഷി വ്യാപിപ്പിക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.