ചെങ്ങന്നൂർ: ആലായിലെ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികളെയും വിദ്യാർത്ഥികളെയും ദുരിതത്തിലാകുന്നു. ആല ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ആല - അത്തലകടവ് പഞ്ചായത്ത് ഓഫീസ് റോഡിലാണ് മാലിന്യം തള്ളൽ. മാലിന്യങ്ങൾ ചാക്കുകളിലും കവറുകളിലുമായി ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. നാട്ടുകാർ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ റോഡിന്റെ ഒരു വശത്ത് ആല നാട്ടു വിപണിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട്, ആല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പരിപാലിക്കുന്ന സ്ഥലത്തിന് എതിർവശം റോഡരികിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് മാലിന്യം തള്ളുന്നത്. ഇത് പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
തെരുവുനായ ശല്യം വർദ്ധിക്കുന്നു
മാലിന്യം കുന്നുകൂടുന്നത് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം ഈ വഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാവിലെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആരോണിനെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. ഭയന്ന് ഓടിയ ആരോൺ വീണ് പരിക്കേറ്റിരുന്നു. സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് തെരുവുനായ്ക്കൾ വലിയ ഭീഷണിയാണ് നേരിടുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കുടിവെള്ളം മലിനമാകുന്നു, രോഗഭീഷണിയും
മാലിന്യം പക്ഷികൾ കൊത്തിക്കൊണ്ടുപോയി കിണറുകളിൽ ഇടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മലിനജലം കുടിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ത്വക്ക് രോഗങ്ങൾ പോലുള്ള അസുഖങ്ങൾ പതിവാകുന്നതായി ആരോപണമുണ്ട്. ഈ ഗുരുതരമായ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
....................
അധികൃതർ ഇടപെട്ട് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
അനു സൂസൻ
( ആല ഗവ.ഹയർസെക്കൻഡറി
സ്കൂൾ ഹെഡ്മിസ്ട്രസ് )