തിരുവല്ല : പരുമലയിലെയും പരിസര പ്രദേശങ്ങളിലേയും അൻപതോളം യുവാക്കൾ ചേർന്ന് രൂപീകരിച്ച പരുമല ഡെയ്‌ലി ക്രിക്കറ്റ് ഒരു വർഷം പിന്നിടുന്നു. ക്രിക്കറ്റ് കളിയിൽ അഭിരുചിയുള്ള യുവാക്കളെ കണ്ടെത്തി പരിശീലിപ്പിക്കുക, പ്രമുഖ ടീംമുകളെ ഉൾകൊള്ളിച്ച് ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നിവയോടൊപ്പം യുവാക്കൾ ലഹരിക്കടിമയാകാതെ ഒരു പുത്തൻ യുവജന കൂട്ടായ്മ വളർത്തിയെടുക്കുക എന്നിവയാണ് പരുമല ഡി.സി ലക്ഷ്യമിട്ടത്. ഇവയൊക്കെ ലക്ഷ്യം കണ്ടപ്പോൾ ഫുട്ബോൾ, കബഡി ഉൾപ്പെടെയുള്ള മറ്റിനങ്ങളും പരിശീലിപ്പിച്ച് ഒരു കായിക ഹബാക്കി പരുമലയെ മാറ്റുവാനാണ് ഡി.സിയുടെ അടുത്തശ്രമം. പരുമല പമ്പാ കോളേജിന്റെ ഗ്രൗണ്ടിലാണ് കായികപരിശീലനങ്ങൾ നടത്തിവരുന്നത്. ഡി.സിയുടെ ഒന്നാം വാർഷികവും പുതിയ ജേഴ്സിയുടെ പ്രകാശനവും നടന്നു. പരുമല പമ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഡി.സി പ്രസിഡന്റ് ബാലു ടി. ബാബു അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഡൊമിനിക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുമാർ, എം.എസ്.ഉണ്ണി സുരേഷ്, വി.എസ്. സോണി, പി.ടി.ജിജോ, ഷബീർ അലി, വിജിൽ വർഗീസ്, എം.കെ.സാജൻ, ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.