പത്തനംതിട്ട: ഛത്തീസ്‌ഗഡിൽ മലയാളികളായ കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഭീകരതയി പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. സി.പി.എംജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പിയുടെ പ്രഖ്യാപിത അജൻഡയുടെ ഭാഗമാണ്‌ ഛത്തീസ്‌ഗഡ്‌ സംഭവമെന്ന്‌ അദ്ദേഹം പറഞ്ഞു. കന്യാസ്‌ത്രീകളെ തുറിങ്കിലടച്ചതിലുള്ള പ്രതിഷേധം അവിടുത്തെ കോൺഗ്രസ്‌ നേതാക്കൾ ഇതുവരെ ഉന്നയിച്ചിട്ടില്ല. കേരളത്തിൽ ഇരട്ടത്താപ്പ്‌ കാട്ടുകയാണ്‌. ഛത്തീസ്‌ഗഡിൽ കൊണ്ടുവന്ന മതപരിവർത്തന നിയമം പിൻവലിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുമോയെന്ന്‌ രാജു ഏബ്രഹാം ചോദിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ഡി ബൈജു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ. പി ഉദയഭാനു, ഡോ.സജി ചാക്കോ എന്നിവർ സംസാരിച്ചു. അബാൻ ജംഗ്ഷനിൽനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌.