പത്തനംതിട്ട: ഏഴംകുളം തേപ്പുപാറയിൽ പ്രവർത്തിച്ചുവരുന്ന ജീവമാതാ കാരുണ്യ ഭവൻ എന്ന സ്ഥാപനം 2009 മുതൽ ജീവകാരുണ്യമേഖലയിൽ പ്രവർത്തിച്ചുവരികയാണന്നും സ്ഥാപനത്തിനെതിരെ ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ഡയറക്ടർ ഉദയ ഗിരിജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ ഓൾഡേജ് ഹോമും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും അംഗീകാരത്തോടെ ചിൽഡ്രൻസ് ഹോമും പ്രവർത്തിച്ചു വന്നിരുന്നു. ജീവമാതാ കാരുണ്യഭവനിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പക്ഷേ ചില തൽപ്പരകക്ഷികൾ ചേർന്ന് സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തിയ ഗൂഡാലോചനയുടെ അടിസ്ഥാനത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയും സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുകയും സ്ഥാപന നടത്തിപ്പുകാരെ അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഇത് സ്ഥാപനത്തിന്റെ നടത്തിപ്പിന് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടന്നും അവർ പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് സ്ഥാപനത്തിന്റെ സമഗ്രമായ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.