മാങ്കൂട്ടം: വീടിനു മുന്നിൽ കൈയെത്തും ദൂരത്തു വൈദ്യുതി ലൈൻ കിടക്കുന്നതിനാൽ പ്രാണനെ ഭയന്ന് കഴിയുകയായിരുന്ന മാങ്കൂട്ടം അറുകാലിക്കൽ കിഴക്ക് വിളയിൽപ്പടി പ്രദേശത്ത് ബീനസദനത്തിൽ മോഹനനും കുടുംബത്തിനും ഇനി ആശ്വസിക്കാം. കേരളകൗമുദി വാർത്തയെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ എത്തി ഇവരുടെ വീടിനു ശേഷമുള്ള സ്ഥലത്ത് ഉറപ്പുള്ള പോസ്റ്റ് സ്ഥാപിച്ച് ലൈൻ മാറ്റി സ്ഥാപിച്ച് പ്രശ്നം പൂർണമായി പരിഹരിച്ചു. മുൻപ് വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ കൈപ്പൊക്കത്തിൽ വൈദ്യുതി ലൈൻ അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുകയായിരുന്നു. മാസങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥ‌ർ നടപടി സ്വീകരിച്ചത്.തുടർന്ന് ഇന്നലെ കെ.എസ് ഇ.ബി ജീവനക്കാരെത്തി ഉറപ്പുള്ള പോസ്റ്റ് സ്ഥാപിച്ച് വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതോടെ വീട്ടുകാരുടെ ആശങ്കയൊഴിഞ്ഞു. മാസങ്ങളായി തുടർന്ന അപകട ഭീഷണി മാദ്ധ്യമ ഇടപെടലിലൂടെ പരിഹരിച്ച കേരകൗമുദിക്ക് വീട്ടുകാർ നന്ദി അറിയിച്ചു.