മല്ലപ്പള്ളി: പതിന്നാലോളം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മുടക്കി മല്ലപ്പള്ളി കെ.എസ്.ഇ.ബി.യുടെ ചെപ്പടിവിദ്യ ! ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും മിനി സിവിൽ സ്റ്റേഷനിലേക്കുള്ള ഫീഡറുകളിലാണ് അറ്റകുറ്റപ്പണിയെന്ന പേരിൽ വൈദ്യുതി മുടക്കം. കഴിഞ്ഞ ആഴ്ച രാവിലെ 10മുതൽ വൈകിട്ട് 5വരെ വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തനം പൂർണമായും മുടങ്ങി.ഭൂരിഭാഗം ഓഫീസുകളിലും യു.പി.എസ് ഇല്ലാത്തതിനാൽ പൊതുജന സേവനത്തിന് പകരം സംവിധാനവുമില്ല. കമ്പ്യൂട്ടർ പ്രവർത്തനത്തിന് പുതിയ യു.പി.എസ് നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തയാറാവുന്നുമില്ല. ഇതുമൂലം വിവിധ അത്യാവശ്യകാര്യങ്ങൾക്ക് പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ വൈദ്യുതിവരുന്നതും കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാവിലെ മുതൽ 12 വരെയും വൈദ്യുതി നിലച്ചതുമൂലം ജനങ്ങൾ വലഞ്ഞു.അടിയന്തര സർക്കാർ സംവിധാനങ്ങൾ പ്രവർത്തി ദിവസങ്ങളിൽ സുഗമമാക്കാൻ കെ.എസ്.ഇ.ബി തയാറാവണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് ഭാരവാഹികളായ എം.ആർ രാജശേഖരൻ നായർ, ഇല്യാസ് വായ്പ്പൂര് , വി.എസ് വിനോദ് എന്നിവർ ആവശ്യപ്പെട്ടു.