മല്ലപ്പള്ളി: വായ്പ്പൂര് കെ.എസ്. ഇ.ബി സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ കേട്ട ഭാവമില്ല. പരാതി പറയാൻ വിളിച്ചാൽ അധികൃതർ ഫോണെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞിടെയുണ്ടായ കാറ്റിലും മഴയിലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ ദിവസവും പലതവണയാണ് വൈദ്യുതി മുടങ്ങുന്നത്. മുൻ കൂട്ടി അറിയിപ്പ് നൽകിയുള്ള വൈദ്യുതി മുടക്കം വേറെയും. വിവിധ സ്ഥാപനങ്ങൾക്ക് മാത്രമല്ല നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ സാഹചര്യം വെല്ലുവിളിയാണ്. വൈകുന്നേരവും രാത്രിയിലും ദിവസങ്ങൾ വൈദ്യുതി മുടങ്ങിയ സംഭവം കഴിഞ്ഞിടെ ഉണ്ടായിരുന്നു. വായ്പ്പൂര് സെക്ഷനിൽ വൈദ്യുതി മുടങ്ങുന്നതിന്റെ പേരിൽ പലപ്പഴായി തർക്കങ്ങളും വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. സംഘർഷത്തിലും ഇത് കലാശിച്ചിട്ടുണ്ട്. മഴയോ കാറ്റോ അടിച്ചാൽ സെക്ഷന്റെ പുഴയുടെ അക്കരെ കൈത്തോടത്ത്ക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടക്കം പതിവാണ്. ഇതോടെ ഈ പ്രദേശം ഇരുട്ടിലാകും. ചെറിയ മരച്ചില്ല തട്ടിയാലും ലൈൻ ഓഫാകുന്ന സ്ഥിതിയാണ്. പുതിയ ട്രാൻസ്‌ഫോർമാർ ഇവിടെ സ്ഥാപിച്ചതോടെയാണ് വൈദ്യുതി മുടക്കം കൂടിയതും. ടച്ച് വെട്ട്, സബ് സ്‌റ്റേഷനിലെ അറ്റകുറ്റപ്പണി തുടങ്ങിയ പതിവ് പല്ലവി ആവർത്തിച്ച് ചില ദിവസങ്ങളിൽ വൈദ്യുതി കട്ട് ചെയ്യുന്ന നടപടിയ്ക്കും മാറ്റമില്ല. വൈദ്യുതി ലൈനുകൾക്ക് പകരം കേബിളുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് പകുതി പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
.......................................
ചെറിയ മഴ പെയ്താലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചാൽ എടുക്കില്ല. പരാതി പറഞ്ഞു മടുത്തു. ജീവനക്കാരുടെ മോശമായ പെരുമാറ്റവും ഉണ്ട്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണം.
(പ്രദേശവസികൾ)