03-pdm-munici-e-waste
നഗരസഭയിലെ ഇമാലിന്യ ശേഖരണ ഡ്രൈവ് ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: ഇ മാലിന്യം ഇനി വീടുകളിൽ ഒരു പ്രശ്‌നമാകില്ല. അവ ഇനി നഗരസഭയിലെ ഹരിതകർമസേന ശേഖരിക്കും. ഇ മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ നിർവഹിച്ചു. കൗൺസിലർ കെ.ആർ.രവി, നഗരസഭാ സെക്രട്ടറി അനിത ഇ.ബി, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എസ്.ഹഖ്, പ്രോഗ്രാം ഓഫീസർ അജയ്.കെ.ആർ, ക്ലീൻ സിറ്റി മാനേജർ സോൻ സുന്ദർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.കൃഷ്ണകുമാർ, ഷെഹന, സുജിത, ക്ലീൻ കേരള കമ്പനി ഉദ്യോഗസഥർ, ഐ.ആർ.ടി.സി കോർഡിനേറ്റർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ മാലിന്യത്തിന്റെ വില സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
ഒരു കിലോയ്ക്ക് പഴയ ഫ്രിഡ്ജ് ന് 21 രൂപയും ലാപ്‌ടോപ്പി ന് 104 രൂപയും നൽകും. എൽ സി ഡി/എൽ ഇ ഡി ടിവി 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ 21, ഫ്രണ്ട് ലോഡ് 12, സീലിങ് ഫാൻ 41, മൊബൈൽ ഫോൺ 115, സ്വിച്ച് ബോർഡ്17, എയർ കണ്ടീഷണർ 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ. ഇത്തരത്തിൽ 43 ഇനങ്ങൾ ആണ് ശേഖരിക്കുക. ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും.
ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. അവർ ശേഖരിക്കുന്നതിനുള്ള തുക ഹരിതകർമസേനയ്ക്ക് നൽകും. നഗരസഭയിൽ ഓഗസ്റ്റ് 2 മുതൽ 10 വരെ എല്ലാ വാർഡുകളിലേയും ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലുള്ള ഇമാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് നൽകുന്നതിനായി തയ്യാറാക്കി വയ്ക്കേണ്ടതാണ്.