തിരുവല്ല : മഴയായാലും വെയിലായാലും കൊട്ടാണിപ്രാൽ - പുതുക്കുളങ്ങര നിവാസികൾക്ക് ദുരിതംതന്നെ. തകർന്നു തരിപ്പണമായി കിടക്കുന്ന പെരിങ്ങര കൊട്ടാണിപ്രാൽ - പുതുക്കുളങ്ങര റോഡല്ലാതെ മറ്റൊരു യാത്രാ മാർഗമില്ല . പെരിങ്ങര പഞ്ചായത്തിലെ 9,10,12 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഏറെക്കാലമായി കുണ്ടും കുഴിയുമായി കിടക്കുന്നത്. മഴ പെയ്യുന്നതോടെ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങും. വെയിലാണെങ്കിൽ കുണ്ടും കുഴിയും ചാടി നടുവൊടിയും. റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്. വെള്ളപ്പൊക്കത്തിൽ കുഴിയേത് വഴിയേത് എന്നറിയാതെ യാത്രക്കാർ കുഴങ്ങും. ഇരുചക്ര വാഹന യാത്രക്കാരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്. റോഡ് തകർന്നതോടെ ടാക്‌സികൾ പോലും വിളിച്ചാൽവരില്ലെന്ന് നാട്ടുകാർ പറയുന്നു. പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂൾ, പുതുക്കുളങ്ങര ദേവിക്ഷേത്രം, സെന്റ് ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിലേക്കുള്ള വഴി കൂടിയാണിത്.
പണം അനുവദിക്കാം, പക്ഷേ...
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികളെ തുടർന്ന് റോഡ് പുനർനിർമ്മിക്കാൻ തുക അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്. എന്നാൽ റോഡിന് 6 മീറ്റർ വീതിയില്ല. ഗ്രാമീണ മേഖലയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് നിലവിലെ വീതി വർദ്ധിപ്പിക്കുന്നതും അപ്രായോഗികമാണ്. നിലവിലുള്ള വീതിയിലെങ്കിലും റോഡ് നന്നാക്കിത്തരാനാണ് നാട്ടുകാർ പറയുന്നത്. വിഷയം മാത്യു ടി തോമസ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാടാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത് എന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
പൊളിഞ്ഞ റോഡിലൂടെ യാത്രചെയ്തു വാഹനം ഉൾപ്പെടെ തകരാറിലാണ്.
അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണം
ബിനു കുര്യൻ
ഓട്ടോ ഡ്രൈവർ