റാന്നി: വടശേരിക്കര പുതുക്കുളം മുക്കുഴിയിൽ പകൽസമയത്തും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ഇവിടെ ഒറ്റയാനിറങ്ങി. കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചാണ് ജനവാസ മേഖലയിലേക്കെത്തിയത്. ജനങ്ങൾ പുറത്തിറങ്ങുന്ന സമയം ആന റോഡിലൂടെ പാഞ്ഞെങ്കിലും ദുരന്തമൊഴിവായി. കൃഷിയിടത്തിൽ നിന്നിറങ്ങിയ ആന ടിപ്പർ ലോറി കണ്ട് ഭയന്ന് റോഡിലൂടെ ഒാടിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസെത്തിയത്. പാൽ,പത്ര വിതരണക്കാരും ടാപ്പിംഗ് തൊഴിലാളികളും ഇതുവഴിയാണ് പോകുന്നത്. ഇവർ ആനയുടെ മുന്നിൽപ്പെടതിരുന്നത് ഭാഗ്യംകൊണ്ടാണ്. ആന നാട്ടിലിറങ്ങുന്നെന്ന പരാതി വ്യാപകമാവുന്നതോടെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മടങ്ങുന്നതൊഴിച്ചാൽ ശാശ്വത പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.