പത്തനംതിട്ട: ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ നഗരത്തിൽ മൗനജാഥ നടത്തി. മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും വൃദ്ധരും കന്യാസ്ത്രീകളും വൈദികരും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി ജാഥയിൽ പങ്കുചേർന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. ഏബ്രഹാം മാർ സെറാഫിം, സാമുവേൽ മാർ ഐറേനിയോസ്, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,
യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ എന്നിവരും ജാഥയ്ക്ക് നേതൃത്വം നൽകി. ഗാന്ധി സ്ക്വയറിൽ റാലി സമാപിച്ചു.