വള്ളിക്കോട് : വള്ളിക്കോട് നിവാസികളുടെ യാത്രാ ക്ളേശം പരിഹരിക്കാൻ ഗ്രാമവണ്ടികൾ സർവീസ് തുടങ്ങുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാഴായി. പ്രഖ്യാപനത്തിന് ആറ് മാസത്തിന്റെ പഴക്കമുണ്ടെങ്കിലും ഒരു ബസ് പോലും ഇതുവഴി സർവീസ് തുടങ്ങിയിട്ടില്ല. പത്തനംതിട്ട, കോന്നി, അടൂർ ഡിപ്പോകളിൽ നിന്ന് വള്ളിക്കോട് വഴി ഗ്രാമവണ്ടികൾ സർവീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. തൃപ്പാറ, വെള്ളപ്പാറ, വള്ളിക്കോട് പടിഞ്ഞാറ്, കൈപ്പട്ടൂർ കിഴക്ക്, ചിറയിൽ പടി തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളാണ് ബസ് സർവീസ് ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുന്നത്. ഈ ഭാഗങ്ങളിൽ നിന്നും പത്തനംതിട്ടയിലേക്കും അടൂരിലേക്കും ബസ് സർവീസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രിയുടെ വാക്ക് വിശ്വസിച്ച നാട്ടുകാർ യാത്രാ ക്ളേശം രൂക്ഷമായ പ്രദേശങ്ങളുടെ ലിസ്റ്റ് സഹിതം മോട്ടോർ വാഹന വകുപ്പിനും ജനപ്രതിനിധികൾക്കും ഡിപ്പോ അധികൃതർക്കും ഉൾപ്പടെ തുടർന്നും നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. ബസ് സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രോഗികൾക്ക് ആശുപത്രികളിലും എത്തുന്നതിനും ഇത് മൂലം ബുദ്ധിമുട്ടുണ്ട്. കാർഷിക ഗ്രാമംകൂടിയായ വള്ളിക്കോട്ടെ കർഷകർ കാർഷിക വിളകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും മറ്റും അടൂർ, പത്തനംതിട്ട മാർക്കറ്റുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ അമിത ചാർജ്ജ് നൽകി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നേരത്തെ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്ന പ്രദേശമാണിത്.
നിറുത്തലാക്കിയ സർവീസുകൾ പുന:രാരംഭിച്ചില്ല
കൊവിഡിനെ തുടർന്ന് താൽകാലികമായി നിറുത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സ്വകാര്യ ബസുകൾ ഉണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം യാത്രക്കാർക്കും ലഭിക്കാറില്ല. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് നിറുത്തലാക്കിയ സർവീസുകളും ഗ്രാമവണ്ടികളും തുടങ്ങണമെന്നാണ് നാട്ടുകാരുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.എകളുടെയും ആവശ്യം.