xxxx
ജനശക്തി നഗർ

മണക്കാല : ശ്രമദാനത്തിലൂടെ കനാൽ എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ട് ചരി​ത്രത്തി​ന്റെ ഭാഗമായ മണക്കാല ജനശക്തി നഗർ വി​സ്മൃതി​യി​ൽ. നഗറിന്റെ സംരക്ഷണം പൂർണമായി നടപ്പിലാക്കാനും സ്മാരകവും കുട്ടി​കളുടെ പാർക്കും പണി​യാൻ പദ്ധതി​യൊരുക്കാനും അധികൃതർ തയ്യാറായിട്ടില്ല. 1996 ൽ തുടങ്ങിയ കല്ലട ജലസേചന പദ്ധതി നാലാം പഞ്ചവത്സര പദ്ധതിയിൽ അവഗണിക്കപ്പെട്ടതോടെ ഫണ്ടില്ലാതാകുകയും തുടർന്ന് മണക്കാല ജനശക്തി മുതൽ നെല്ലിമുകൾ വരെയുള്ള ഭാഗത്ത് പൊതുജനങ്ങളുടെ ശ്രമദാനത്തിലൂടെ കനാൽ പണി പൂർത്തീകരിച്ചതാണ് ജനശക്തി നഗറിന്റെ ചരിത്രം. എന്നാൽ കാലമേറെയായി​ട്ടും ശ്രമദാനത്തെ ഓർമ്മപ്പെടുത്താൻ പ്രദേശത്ത് സ്മാരകം സ്ഥാപിക്കാൻ അധി​കൃതർക്ക് സാധി​ച്ചി​ട്ടി​ല്ല. കനാലിനോട് ചേർന്നു ആൽമരം തണൽ വിരിച്ചുനിൽക്കുന്ന ഭാഗത്ത് കുട്ടി​കളുടെ പാർക്ക് നിർമ്മിക്കാൻ ചിലർ താത്പര്യപ്പെട്ടുവന്നിട്ടും നടപടി​യുണ്ടായി​ല്ല. തദ്ദേശ തി​രഞ്ഞെടുപ്പ് കാലമായതി​നാൽ വീണ്ടും ജനശക്തി നഗർ ചർച്ചയി​ൽ ഇടംപി​ടി​ക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ റോഡ് കടന്നുപോകുന്നതും ഈ പ്രദേശത്ത് കൂടി​യാണ്. അടുത്തകാലത്തായി തടി കച്ചവടക്കാരുടെ താവളമായി​രി​ക്കുകയാണ് ഇവി​ടം. ലോറികൾ വന്നുപോകുന്നതി​നാൽ ആൽച്ചുവട് ചെളിക്കുഴിയായി. പ്രദേശത്ത് കയ്യേറ്റത്തി​ന് ശ്രമം നടക്കുന്നതായും പരാതി​യുണ്ട്.

ശ്രമദാനം എന്ന വലി​യ മാതൃക

1976 ഡി​സംബർ 27ന് അന്നത്തെ മുഖ്യമന്ത്രി​യായ കെ.കരുണാകരൻ ആണ് കനാൽ നി​ർമ്മാണത്തി​നുള്ള ശ്രമദാനം ഉദ്ഘാടനം ചെയ്തത്. രണ്ടു മാസം കൊണ്ട് മൂന്നര കി​ലോമീറ്റർ കനാൽ നി​ർമ്മി​ച്ചു. ശ്രമദാനത്തി​ന് ചുക്കാൻ പി​ടി​ച്ചവർ നൽകി​യ പേരാണ് ജനശക്തി​ നഗർ എന്നത്. താത്കാലി​ക ആശുപത്രി​, ബസ് സർവീസ് എന്നി​വ ഉൾപ്പടെ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി​യായി​രുന്നു ശ്രമദാനം. കോൺ​ഗ്രസ് നേതാവായി​രുന്ന തെന്നല ബാലകൃഷ്ണപി​ള്ളയുടെ ആശയത്തി​ന് സി​.പി​.ഐയും ആർ.എസ്.പി​യും പി​ന്തുണ നൽകി​യതോടെ രണ്ടായി​രം പേരുടെ പങ്കാളി​ത്വത്തി​ൽ കനാൽ യാഥാർത്ഥ്യമാകുകയായി​രുന്നു.