പറക്കോട് : പറക്കോട് എസ്ബി.ഐ ജംഗ്ഷനിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗത തടസം രൂക്ഷമാകുന്നു. പ്രവൃത്തി ദിനങ്ങളിൽ പറക്കോട് ഏറ്റവും കൂടുതൽ തിരക്കുള്ള ഭാഗമാണ് എസ് ബി ഐ ജംഗ്ഷൻ. തൊട്ടടുത്ത കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ബാങ്കിലും എ.ടി എമ്മിലും പോസ്റ്റ് ഓഫീസിലും കെ.എസ്.എഫ്.ഇ യിലും വരുന്ന ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. പലആവശ്യത്തിനായി ഇവിടെ എത്തുന്ന ആളുകൾ വാഹനം റോഡിൽ പാർക്ക് ചെയ്യുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. എസ്.ബി.ഐ യ്ക്ക് എതിർവശത്ത് ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനു സമീപം മുതൽ മുൻസിപ്പൽ സ്റ്റാൻഡ് വരെ റോഡിന്റെ ഒരു വശത്ത് വഴിയോരക്കച്ചവടം കൂടിയായതോടെ വാഹനങ്ങൾ കടന്നു പോകുന്നത്തിനുള്ള വീതി കുറഞ്ഞു. ഇന്നലെ ക്ഷേത്രത്തിന് എതിർവശത്ത് വണ്ടിയിൽ മീൻ വ്യാപാരം കൂടി ആരംഭിച്ചതോടെ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. ചന്ത ദിനം കൂടിയാണെങ്കിൽ തിരക്ക് നിയന്ത്രണാതീതമാകും. ഇവിടെ ഗതാഗത നിയന്ത്രണത്തിനും അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാനും ട്രാഫിക്ക് പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം