കവിയൂർ : നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് കവിയൂർ പഞ്ചായത്ത് നാലാംവാർഡിലെ ചെറുപുഴകാല പ്രദേശത്ത് എട്ടു കുടുംബങ്ങളുടെ വസ്തുവിൽ സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങി. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് 245 മീറ്റർ കരിങ്കല്ല് കെട്ടി സംരംക്ഷിക്കും. ജില്ലാ മണ്ണുസംരംക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷ സി.കെ.ലതാകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് അംഗം ജോസഫ് ജോൺ, സി.ജി.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.