തിരുവല്ല : കാക്കപോളയും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് നിലച്ച കോലറയാറിനെ സംരക്ഷിക്കാൻ ജനം ഇറങ്ങിയതോടെ ശുചിയായി. കോലറയാറിനെ വീണ്ടെടുക്കാനായി ഒഴുകട്ടെ കോലറയാർ എന്ന സന്ദേശമുയർത്തി എട്ടുവർഷം മുൻപ് രൂപീകരിച്ച കോലറയാർ സംരക്ഷണ സമിതിയാണ് വീണ്ടും രംഗത്തെത്തിയത്. 10വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ കോലറയാർ നവീകരണത്തിന് 4.7 കോടി മുടക്കി വൃത്തിയാക്കിയെങ്കിലും പരിപാലനത്തിൽ പഞ്ചായത്തുകളുടെ അനാസ്‌ഥമൂലം വീണ്ടും തോട് പായലുകളും പോളകളും വിഷപ്പാമ്പുകളും കൊതുകും പെരുകി ജനജീവിതം ദുസഹമായി. 2018ലെ പ്രളയവും ഏറെ ബാധിച്ച പഞ്ചായത്തുകളാണ് നിരണവും കടപ്രയും. പമ്പ, മണിമല നദികളിൽ നിന്നുള്ള മാലിന്യങ്ങളും പോളയും നിറഞ്ഞ് ഒഴുക്കു നിലച്ച ജലാശയത്തിൽ എക്കൽ മണ്ണും കുമിഞ്ഞു കൂടിയിരുന്നു. ദുർഗന്ധവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തോടിന്റെ നവീകരണത്തിനായി ജനകീയ പങ്കാളിത്തത്തോടെ പുഴയെ വീണ്ടെടുക്കാൻ ഒത്തുചേർന്നത്. പണപ്പിരിവ് നടത്തിയും ശ്രമദാനം ചെയ്തും ജെ.സി.ബിയുടെ സഹായത്തോടെയും ജോലികൾ മുന്നോട്ട് പോയി. ആറിന്റെ അരീത്തോട്ടിൽ ചെന്നുചേരുന്ന പൂവന്മേലി ഭാഗം മുതൽ ഇലഞ്ഞിക്കൽ പാലം വരെ ഒന്നര കിലോമീറ്റർ ഭാഗത്തെ പായൽ നീക്കംചെയ്തു. ഏബ്രഹാം മത്തായി, പി.ഒ.മാത്യു, ബിനിഷ്കുമാർ, രതീഷ് കുമാർ,റിജോറെന്നി തേവേരിൽ,അജിൽ പുരയ്ക്കൽ, മോനിച്ചൻ, രതീഷ് തരിശിൽ, പ്രസാദ് പനയ്ക്കാമറ്റം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രണ്ടാഴ്ച കൊണ്ടു പൂർണമായി പായൽ നീക്കം ചെയ്യുകയാണ് ലക്ഷ്യം. കടപ്ര പഞ്ചായത്തിലും ജനകീയ കൂട്ടായ്മയിൽ പായൽ നീക്കം നടത്തുമെന്ന് അഡ്വ.ദാനിയേൽ തോമസ് കാരിക്കോട്ട് പറഞ്ഞു.

കോലറയാർ
കടപ്ര, നിരണം പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് കോലറയാർ. നെൽകൃഷിക്ക് ഉൾപ്പെടെയുള്ള ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ജനങ്ങൾ നിത്യേന ആശ്രയിക്കുന്നത് ഈ ജലാശയത്തെയാണ്. കടപ്ര പഞ്ചായത്തിലെ അറയ്ക്കൽ മുയപ്പിൽ നിന്ന് തുടങ്ങി നിരണം പഞ്ചായത്തുകളിലൂടെ 11 കിലോമീറ്റർ നീളത്തിൽ ഒഴുകി കോലറയാർ അരീത്തോട്ടിലെത്തുന്നു.

............................................

അപ്പർകുട്ടനാട്ടിലെ തോടുകളിലെ പായൽ നീക്കം ചെയ്യാൻ സ്‌ഥിരം സംവിധാനം ആവശ്യമാണ്. പഞ്ചായത്തുകളിലെ തോടുകൾ വൃത്തിയാക്കുന്നതിന് യന്ത്രസാമഗ്രികൾ വാങ്ങാൻ ഫണ്ട് വകയിരുത്തും. ജനകീയ മുന്നേറ്റത്തിന്റെ വിജയമാണിത്.
മാത്യു ടി.തോമസ്

(എം.എൽ.എ)

.....................

14 ദിവസംകൊണ്ട് പായൽ പൂർണമായും നീക്കം ചെയ്യും