കോഴഞ്ചേരി: റോഡിലൂടെ നടന്നുപോയ എഴുപത്തിരണ്ടുകാരൻ ബൈക്കിടിച്ച് മരിച്ച കേസിൽ യുവാവ് പിടിയിൽ . ആറന്മുള ചവിട്ടുകുളം അമ്പലത്തിന് സമീപം മണ്ണിൽ എബിവില്ലയിൽ ടി.പി ബേബിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറന്മുള സുദർശന സ്കൂളിന് സമീപം കിഴക്കില്ലത്തുവീട്ടിൽ അശ്വിൻ വിജയൻ(29) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. തെക്കേമലയിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബേബിയെ പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ബേബിയെ രക്ഷിക്കാനായില്ല.