പത്തനംതിട്ട : ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ള കക്കി - ആനത്തോട് റിസർവോയറിന്റെ നാല് ഷട്ടറുകൾ ഇന്ന് രാവിലെ 11 മുതൽ തുറക്കും. ഷട്ടറുകൾ ഘട്ടംഘട്ടമായി 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയർത്തി 50 മുതൽ പരമാവധി 100 ക്യുമെക്സ് തോതിൽ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കും. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും.
ഡാം തുറക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.