പത്തനംതിട്ട: നാറാണംമൂഴി സെന്റ് ജോസഫ് എച്ച്.എസിലെ അദ്ധ്യാപികയ്ക്ക് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിച്ച സർക്കാർ തീരുമാനത്തെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
ഉദ്യോഗസ്ഥരുടെ അലംഭാവവും മനുഷ്യത്വരഹിതമായ നിലപാടും കാരണം നീതി നിഷേധിക്കപ്പെട്ട വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഇടപെടൽ മാതൃകാപരമാണ്. മാസങ്ങളായി ഒരു കുടുംബം അനുഭവിച്ച മാനസിക സംഘർഷത്തിനും അതിനെ തുടർന്ന് ഒരാളുടെ വിയോഗത്തിനും ഉത്തരവാദികളായ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത നടപടി, കൃത്യവിലോപം നടത്തുന്നവർക്കുള്ള ശക്തമായ താക്കീതാണ്. കോടതിവിധികളെപ്പോലും തള്ളിക്കളയുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ വകുപ്പുതലത്തിൽ ജാഗ്രത പുലർത്തണമെന്നും കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.