തിരുവല്ല : എം.സി റോഡിലെ യാത്രക്കാർക്ക് ഭീഷണിയായി വാകമരം വൈദ്യുതി കമ്പികളിലേക്ക് വീണിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ല. സമ്മേളനങ്ങളും പൊതുപരിപാടികളും പ്രതിഷേധങ്ങളുമൊക്കെ നിത്യവും നടക്കുന്ന തിരക്കേറിയ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിലാണ് വാകമരം ചെരിഞ്ഞു ഭീതിയുയർത്തുന്നത്. 11 കെ.വി ലൈനും കേബിളുകളും മറ്റു കമ്പികൾ ഉൾപ്പെടെ മരത്തെ താങ്ങി നിൽക്കുകയാണ്. ഹെഡ് പോസ്റ്റ് ഓഫീസിന്റെ മതിലിനോട് ചേർന്നാണ് വാകമരം നിന്നിരുന്നത്. മാസങ്ങൾക്ക് മുമ്പ് ഹെഡ്പോസ്റ്റ് ഓഫീസിന്റെ മുന്നിലെ മതിൽ ഇടിഞ്ഞു വീണിരുന്നു. ഇതേതുടർന്നാണ് മരം ചാഞ്ഞു തുടങ്ങിയത്. ഇപ്പോൾ മരത്തിന്റെ ചുവട് മുഴുവൻ ഇളകി വൈദ്യുതി കമ്പികളിലേക്ക് പൂർണമായും ചാഞ്ഞു നിൽക്കുകയാണ്. വൈദ്യുതി കമ്പികൾ വലിച്ചിരിക്കുന്ന ഇവിടുത്തെ പോസ്റ്റും മരത്തിനൊപ്പം ചെരിഞ്ഞു നിൽക്കുന്നുണ്ട്. എം.സി റോഡിന്റെ എതിർവശം വരെ നിറയെ മരച്ചിലകളുമായി മരം പടർന്ന് പന്തലിച്ചാണ് നിലകൊള്ളുന്നത്. മരത്തിന്റെ സമീപത്തായി വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നുണ്ട്. ഇരുചക്ര വാഹന വർക്ഷോപ്പും ഇവിടെ പ്രവർത്തിക്കുന്നു. തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന എം.സി റോഡിന്റെ മുകളിലൂടെ പോയിരിക്കുന്ന മരം ശക്തമായ കാറ്റിൽ മരം നിലംപൊത്തുമോയെന്നും ആളുകൾ ഭയപ്പെടുന്നു. ഇതുസംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചിട്ടും മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചില്ലെന്ന പരാതി ശക്തമാണ്.
.............................
ആളുകൾക്ക് ഭീഷണിയായ വാകമരം അടിയന്തരമായി മുറിച്ചു നീക്കണം. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
സുരേഷ്
(യാത്രക്കാരൻ)