tourisam-

റാന്നി : പമ്പാ റിവർവാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മണിയാറിൽ ഒരുക്കുന്ന ടൂറിസം പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ജലസേചനത്തിനായി പമ്പ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചിട്ടുള്ള ഡാമിന്റെ പരിസരത്ത് 12 ഏക്കർ ഭൂമി യിലാണ് പദ്ധതി നടപ്പാക്കുന്നത്. 15 കോടി രൂപയാണ് മൂന്നുഘട്ടമായി ചെലവഴിക്കുന്നത്. ആദ്യഘട്ടത്തി​ൽ അഞ്ചു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണുള്ളത്. പ്രവർത്തികളുടെ ഉദ്ഘാടനം 11ന് വൈകിട്ട് 5ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. പമ്പ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ഡാമിനോട് ചേർന്നുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് നിർമ്മാണം വൈകാൻ ഇടയാക്കിയത്. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മുൻപ് തയ്യാറാക്കിയ ഡി.പി.ആറിൽ മാറ്റംവരുത്തി നിർമ്മാണത്തി​ന് അനുമതി​നേടുകയായി​രുന്നു. ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർവഹണം.

ആദ്യഘട്ടത്തിൽ

മനോഹരമായ ഡാമിന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കാൻ വിധത്തിൽ ഉയർന്ന നടപ്പാത, പൂന്തോട്ടം, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങൾ, ഫിറ്റ്നസ് സെൻറർ, സൈക്കിൾ ട്രാക്ക്, ഭക്ഷണ - കുടിവെള്ള കിയോസ്ക്കുകൾ, ഇരിപ്പടങ്ങൾ , ഇലക്ട്രിഫിക്കേഷൻ, പാർക്കിംഗ് ഏരിയ, ശുചിമുറി സൗകര്യങ്ങൾ.

പദ്ധതി​ ചെലവ് : 15 കോടി​,

ആദ്യഘട്ടത്തി​ൽ ചെലവി​ടുന്നത് : 5 കോടി​

മലയോരത്തി​ന് വി​കസനം

കിഴക്കൻ മലയോര പ്രദേശമായ മണിയാറിന്റെയും വടശ്ശേരിക്കരയുടെയും സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് ഈ പദ്ധതി. ലോക ഭൂപടത്തിൽ ഇടാം പിടിച്ച ഗവിയിലേക്കുള്ള പാതയോരത്താണ് മണിയാർ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നത്. വന്യസൗന്ദര്യമായ പെരുന്തേനരുവി വെള്ളച്ചാട്ടവും ഇവിടെ അടുത്താണ്.

മണിയാർ ടൂറിസം മേഖലയിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ടൂറി​സം സാദ്ധ്യതകളും ചൂണ്ടി​ക്കാട്ടി​ കേരളകൗമുദി നിരന്തരം റി​പ്പോർട്ടുകൾ തയ്യാറാക്കി​യി​രുന്നു.