kuudu

കോന്നി : കലഞ്ഞൂർ പൂമരുതികുഴിയിൽ പട്ടാപ്പകൽ വളർത്തുനായയെ ഓടിച്ചുകൊണ്ട് പുലി വീട്ടിൽ കയറിയതും കൂടൽ പാകണ്ടത്ത് കോഴിക്കൂട്ടിൽ കയറി കോഴികളെ പുലി പിടിച്ചതും നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. പ്രദേശത്ത് മുൻപ് മൂന്നുതവണ വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ പുലി വീണിരുന്നു. പ്രദേശത്ത് പുലികളുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ മുൻപ് വനം വകുപ്പ് ഡ്രോൺ സഹായത്തോടെ തെരച്ചിലും ന‌ടത്തിയതാണ്. പൂമരുതി കുഴിയിലും പാക്കണ്ടത്തും കണ്ട പുലി ഒന്നുതന്നെയാണോയെന്ന് സ്ഥിരീകരിക്കുവാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.

മലയോരത്തെ റബർ തോട്ടങ്ങളിലെയും പാറമടകളുടെയും സമീപത്തെ പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്. വനമേഖലയോട് ചേർന്ന് താമസിക്കുന്ന മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷണത്തിന് സർക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഭയമൊഴിയാതെ

കലഞ്ഞൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പുലിയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും വന്യമൃഗ ഭീഷണി ഉണ്ടാകുന്ന പ്രദേശം കേന്ദ്രീകരിച്ചാണ് വനപാലകർ തെരച്ചിൽ നടത്തുന്നതെന്ന ആക്ഷേപം ജനങ്ങൾക്കിടയിലുണ്ട്. പുലർച്ചെ റബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും പാൽ,പത്ര വിതരണം നടത്തുന്നവരും സ്കൂൾ കുട്ടികളും ഭയപ്പാടിലാണ്.