as

സർക്കാരിന്റെ സിസ്റ്റം നേരേയാക്കാൻ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. റാന്നി അത്തിക്കയത്ത് കുടുംബനാഥനായ ഷിജോയെയാണ് വീടിന് സമീപത്തുള്ള വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. നാൽപ്പത്തിയാറുകാരനായ ഷിജോയുടെ ഭാര്യ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപിക ലേഖ രവീന്ദ്രന്റെ പതിമൂന്ന് വർഷത്തെ ശമ്പളക്കുടിശിക പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. മകന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് പണം അടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് ഷിജോ ജീവനൊടുക്കിയത്.

അഴിമതി ആരോപണങ്ങളാൽ കുപ്രസിദ്ധമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്. എന്ത് കാര്യം സാധിക്കണമെങ്കിലും ചില ഉദ്യോഗസ്ഥർ പിരിവ് നടത്താറുണ്ടെന്ന് അദ്ധ്യാപകർ ആരോപിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നാണ് ആക്ഷേപം. വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ രണ്ടു മാസമായി ജില്ലാ ഓഫീസർ തസ്തകയിൽ ആളില്ല. മേയ് 31ന് ഡി.ഇ.ഒ വിരമിച്ച ശേഷം പകരം ആളെ നിയമിച്ചില്ല. പത്തനംതിട്ട എ.ഇ.ഒയ്ക്കാണ് ചുമതല. പി.എ. ആണ് ഭരണനിർവഹണം നടത്തിപ്പോരുന്നത്. നാഥനില്ലാ കളരിയിൽ ചില ഉദ്യോഗസ്ഥർ നടത്തിയ താന്തോന്നിത്തരത്തിന്റെ ഇരയാണ് മരണപ്പെട്ട ഷിജോ. വനത്തിനുള്ളിൽ നൂറ് കിലോമീറ്ററിലധികം ദൂരമുള്ള ഗവി വരെ നൂറിലധികം സ്കൂളുകൾ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുണ്ട്. വലിയ അധികാര പരിധിയായിട്ടും ഉദ്യോഗസ്ഥർ ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്ന് അദ്ധ്യാപക സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഭരണകക്ഷി അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ പോലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരാണ്. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ അതിപ്രസരം കൊടികുത്തി വാഴുകയാണ്. ഭരണകക്ഷിയിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ഓഫീസിലെ വലിയ പങ്കും. ഇവരാണ് പ്രധാന അധികാരം കയ്യാളുന്നത്. അദ്ധ്യാപകരുടെ പ്രൊമോഷൻ ഗ്രേഡ്, നിയമനാംഗീകാരം തുടങ്ങിയ ഫയലുകളൊന്നും നീങ്ങുന്നില്ല. വിദ്യാഭ്യാസ ഓഫീസിനെതിരെ നിരവധി പരാതികളുയുർന്നിട്ടുണ്ട്. വിജിലൻസ് അന്വേഷണങ്ങളും നടന്നു. എന്നാൽ, വിജിലൻസ് റിപ്പോർട്ട് പ്രകാരം വകുപ്പ് തല നടപടിപോലും ഉണ്ടാകുന്നില്ല.

നാറാണംമൂഴി സ്കൂളിലെ ലേഖ രവീന്ദ്രന്റെ ശമ്പളക്കാര്യത്തിൽ നടപടികൾ നീങ്ങിക്കിട്ടാൻ കഴിഞ്ഞയാഴ്ചയും ഭർത്താവ് ഷിജോ ജില്ലാ വിദ്യാഭ്യാസ ഓഫീസലെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. ഷിജോ നാട്ടിലെ പ്രധാനപ്പെട്ട സി.പി.എം പ്രവർത്തകനായിരുന്നു. പിതാവ് ത്യാഗരാജൻ കർഷക സംഘം നേതാവാണ്. ഷിജോയുടെ സഹാേദരൻ ഡി.വൈ.എഫ്. ഐ പ്രവർത്തകനും. ഭരണകക്ഷിയുടെ ആളായിരുന്നിട്ടും ഷിജോയ്ക്കും കുടുംബത്തിനും ഈ ഗതിയാണെങ്കിൽ സാധാരണക്കാരന്റെ കാര്യം എന്താകുമെന്ന ചോദ്യമാണുയരുന്നത്. ഓരോ ഫയലും ഓരോ ജീവതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് ഭരണകക്ഷിയിലെ ഉദ്യോഗസ്ഥർ പോലും വിലകൽപ്പിക്കുന്നില്ലെന്നു വേണം കരുതാൻ.

നടപടി സസ്പെൻഷനിൽ

മാത്രം ഒതുങ്ങരുത്

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഷിജോ ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നതാണ്. എന്നാൽ, ഒരു കനിവും ഉണ്ടായില്ലെന്നാണ് ഷിജോയുടെ കുടുംബം ആരോപിക്കുന്നത്.

ഷിജോയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഷിജോയുടെ പിതാവുമായി സംസാരിച്ചപ്പോഴും തങ്ങൾക്കു ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ദുരനുഭവമാണ് പങ്കുവച്ചത്. ലേഖയുടെ പതിമൂന്ന് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. ലേഖയ്ക്ക് അനുകൂലമായി സ്കൂൾ മാനേജ്മെന്റും കക്ഷി ചേർന്നിരുന്നു. കോടതി ഉത്തരവ് നടപ്പാക്കിയിരുന്നെങ്കിൽ തങ്ങൾക്ക് മകനെ നഷ്ടമാകുമായിരുന്നില്ല എന്ന ത്യാഗരാജന്റെ വാക്കുകൾ മന്ത്രി ഉൾക്കൊണ്ടു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ അദ്ദേഹം വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ശമ്പളക്കാര്യത്തിൽ നടപടിയെടുക്കുന്നതിന് വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ. ജി, സൂപ്രണ്ട് ഫിറോസ്, സെക്ഷൻ ക്ലർക്ക് ബിനി എന്നിവരെയാണ് സ സ്‌പെൻഡ് ചെയ്തത്. എന്നാൽ, സ്കൂളിൽ പ്രഥമാദ്ധ്യാപികയു‌ടെ മേൽ ഉത്തരവാദിത്വം കെട്ടിവച്ച് രക്ഷപെടാനായിരുന്നു ഉദ്യോഗസ്ഥ നീക്കം.

കൊല്ലം തേവലക്കരയിലെ സ്കൂളിൽ വൈദ്യുതാഘാതമേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പ്രഥാമദ്ധ്യാപികയെ സസ്പെൻഡ് ചെയ്ത് ബലിയാടാക്കിയാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ മാനേജ്മെന്റും ആദ്യം തലയൂരിയത്. സമാനമായ രീതിയിൽ റാന്നിയിലെ സ്കൂൾ പ്രഥമാദ്ധ്യാപികയെ സസ്പെൻഡ് ചെയ്യിക്കാനുള്ള ഉദ്യോഗസ്ഥ നീക്കം മാനേജ്മെന്റ് തത്ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ്. സർക്കാർ നിർദേശം നടപ്പാക്കിയില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം മുന്നിൽ കണ്ട് ചിലപ്പോൾ പ്രഥമാദ്ധ്യാപികയെ സസ്പെ ൻഡ് ചെയ്യാൻ മാനേജ്മെന്റ് നിർബന്ധിതമായേക്കും. തകർത്തു കളഞ്ഞ നമ്മുടെ സിസ്റ്റത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല.

റാന്നിയിൽ ജീവനൊടുക്കിയ ഷിജോ കൃഷി വകുപ്പിന് കീഴിലുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ഫീൽഡ് സ്റ്റാഫാണ്. ഷിജോയുടെ ശമ്പളം മൂന്നു മാസത്തോളമായി മുടങ്ങിയിരിക്കുകയായിരുന്നു. ഷിജോ മരിച്ചതിന്റെ പിറ്റേന്ന് പതിനഞ്ച് ദിവസത്തെ ശമ്പളം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ മറിമായവും സംഭവിച്ചു. ശമ്പളവും ഡി.എയും വർദ്ധിപ്പിച്ചു കിട്ടാൻ സമരം നടത്തുന്ന ഉദ്യോഗസ്ഥരാണ് പാവങ്ങളുടെ ശമ്പളം തടഞ്ഞ് കുടുംബങ്ങളെ തകർക്കുന്നത്. സർക്കാർ സംവിധാനങ്ങൾ നേരെയാക്കാൻ ആളുകളുടെ ജീവൻ ബലി കൊടുക്കേണ്ട ഭയനാകമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്.