cgnr21
ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനയുടെ ഇ-മാലിന്യ ശേഖരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് നിര്‍വ്വഹിക്കുന്നു. അശ്വതി ജി. ശിവന്‍, സി.നിഷ, റ്റി.വി.പ്രദീപ്കുമാര്‍, റ്റി.കുമാരി, വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്, രോഹിത് പി കുമാര്‍, പൊന്നമ്മ ദേവരാജന്‍, സി.മനോജ് എന്നിവര്‍ സമീപം

ചെങ്ങന്നൂർ: ഹരിതകർമ്മസേന വഴിയുള്ള ഇമാലിന്യ ശേഖരണം നഗരസഭയിൽ ആരംഭിച്ചു. നിലവിൽ പ്ലാസ്റ്റിക് ശേഖരണം മാത്രം നടത്തിയിരുന്ന ഹരിതകർമ്മസേന ഇനിമുതൽ ഇമാലിന്യ ശേഖരണവും നടത്തും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ ടെലിവിഷൻ, റെഫ്രിജിറേറ്റർ, ഫാൻ, എൽസിഡി മോണിറ്റർ, അയൺ ബോക്‌സ്, സെൽഫോൺ, ടെലഫോൺ തുടങ്ങിയവക്ക് പുറമേ കുപ്പി, കുപ്പിച്ചില്ല്, റബ്ബർ, ലെതർ, തുണി, പേപ്പർ തുടങ്ങിയ അജൈവമാലിന്യങ്ങളും ഇനി മുതൽ ഹരിതകർമ്മസേന ശേഖരിച്ച് തുടങ്ങും. സാധാരണ പ്ലാസ്റ്റിക് ശേഖരണ രീതിയിലല്ല ഇമാലിന്യങ്ങൾ ശേഖരിക്കുന്നത്. നിശ്ചിതദിവസം നഗരസഭ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ഇമാലിന്യങ്ങളാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. വീടുകളിലെത്തി ഇമാലിന്യങ്ങൾ ശേഖരിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. വരും ദിവസങ്ങളിൽ നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് സർക്കാർ മാനദണ്ഡപ്രകാരമുള്ള കലണ്ടർ തയാറാക്കും. ഇത് പ്രകാരമായിരിക്കും ഇ മാലിന്യങ്ങൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന ഇമാലിന്യത്തിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരമുള്ള തുക ഹരിതകർമ്മസേനക്ക് കൈമാറുന്നവർക്ക് നല്കും. നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഇമാലിന്യ ശേഖരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. കുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, രോഹിത് പി കുമാർ, ടി.വി. പ്രദീപ്കുമാർ, സിനിഷ, സി.മനോജ്, അശ്വതി ജി.ശിവൻ, പൊന്നമ്മ ദേവരാജൻ എന്നിവർപ്രസംഗിച്ചു.