06-mlpy-rto
മോട്ടോർ വാഹന വകുപ്പിന്റെ മല്ലപ്പള്ളി ഓഫീസിൽ ലേണേഴ്‌സ് എടുക്കുവാൻ കാത്തിരിക്കുന്നവർ

മല്ലപ്പള്ളി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ലേണേഴ്‌സ് മുടങ്ങിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. ഇത് മൂലം വിദേശത്തേക്ക് പോകേണ്ടവർ ഉൾപ്പെടെ വലയുകയാണ്. സോഫ്റ്റ് വെയറിൽ ഉണ്ടായ ബുദ്ധിമുട്ടുകളാണ് ലേണേഴ്‌സ് മുടങ്ങാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ മല്ലപ്പള്ളി ഓഫീസിൽ ലേണേഴ്‌സ് എടുക്കുവാൻ വന്നയാൾ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം കുഴഞ്ഞു വീണിരുന്നു. രാവിലെ 6.30 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ വന്ന് നിന്ന പലർക്കും ശാരീരിക ബുദ്ധിമുട്ടും നേരിട്ടു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ലേണേഴ്‌സ് എടുക്കാൻ എത്തുന്നവർ വൈകിട്ട് നാല് കഴിഞ്ഞാലും തിരികെ പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ 18 വർഷമായി സി ഡിറ്റിന്റെ സഹായത്താൽ ആണ് മോട്ടോർ വാഹന വകുപ്പിന്റെ പല സോഫ്റ്റ് വെയറുകളും പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ ഇവയുടെ കാലാവധി ഒരു മാസം മുൻപ് അവസാനിച്ചിരുന്നു. എന്നാൽ അത് പുതുക്കി നൽകാൻ സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലേണേഴ്‌സ് എടുക്കാൻ കാലതാമസം വരുന്നത് കാരണം പല മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ പ്രശ്‌നങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

..................................................

കെസ് വാൻ സോഫ്റ്റ് വെയർ വഴിയാണ് മോട്ടോർ വാഹന വകുപ്പ് ലേണേഴ്‌സ് സംസ്ഥാനത്ത് നടത്തിവരുന്നത്. ഇതിന് സി ഡിറ്റിന്റെ സ്റ്റാഫിന്റെ സപ്പോർട്ടുമുണ്ടായിരുന്നു. എന്നാൽ ഈ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ പ്രവർത്തനം നിലച്ചത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ലേണേഴ്‌സ് അവതാളത്തിലായത്.

മുരളിധരൻ ഇളയത്ത്

(മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ)​