തിരുവല്ല : പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ ട്രോഫിക്ക് വേണ്ടിയുള്ള 68- ാ മത് തിരുവോണ ജലോത്സവം സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. വള്ളംകളിയുടെ മുന്നോടിയായി 10 ദിവസത്തെ ചിങ്ങോത്സവ പരിപാടികൾ പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കുട്ടനാട്ടിലെ മുഴുവൻ ചെറുവള്ളങ്ങളെയും പങ്കെടുപ്പിച്ച് സെപ്റ്റംബർ 4ന് രാവിലെ 10മുതൽ നീരേറ്റുപുറം പമ്പാവാട്ടർ സ്റ്റേഡിയത്തിൽ മത്സരം നടത്തും. ഉച്ചയ്ക്ക് 3ന് ഫൈനൽ മത്സരവും നടക്കും. സെപ്റ്റംബർ 1നും 2നും തുഴച്ചിൽ - നീന്തൽ പരിശീലനവും മത്സരവും നടക്കും. എടത്വായിൽ സെപ്റ്റംബർ 3ന് കാർഷിക സെമിനാർ സംഘടിപ്പിക്കും. കാർഷിക ഗവേഷകർ നേതൃത്വം നൽകും. സ്കൂൾ ,കോളേജ് കുട്ടികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരം,ചിത്രരചനാ മത്സരം, കലാമത്സരം എന്നിവ നടത്തും. അഖിലകേരള അത്തപൂവിടിൽ മത്സരം, വഞ്ചിപ്പാട്ടു മത്സരം, കോഴഞ്ചേരി, ആലപ്പുഴ കേന്ദ്രങ്ങളിൽ നടക്കും. സാംസ്ക്കാരിക സമ്മേളനവും ഘോഷയാത്രയും തിരുവല്ലയിൽ നടത്തും. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കുട്ടനാടിനെ പ്രകൃതി രമണീയമാക്കുക എന്ന വിഷയത്തെ അസ്പദമാക്കി സംവാദം കുട്ടനാട്ടിലെ മങ്കൊമ്പിൽ നടത്തും. തലവടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. തിരുവോണ ദിവസം ആയിരം പേർക്കുള്ള ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി ഭാരവാഹികളായ ചെയർമാൻ റെജി ഏബ്രഹാം തൈക്കടവിൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, ട്രഷറാർ ജഗൻ തോമസ് എന്നിവർ അറിയിച്ചു.