ഏഴംകുളം : പ്ലാന്റേഷൻ ബുക്ക് പാലം അപകടാവസ്ഥയിലെന്ന് പരിശോധനയ്ക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് കൂടി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പ്രദേശവാസികൾ. ആനയടി - കൂടൽ റോഡ് കടന്നുപോകുന്ന പ്രധാന പാലത്തിന്റെ അപ്രാച്ച് റോഡുകളും തകർന്നിട്ട് നാളുകളായി. അപ്രോച്ച് റോഡിൽ കുഴികൾ രൂപപ്പെട്ട് വാഹനാപകടം പതിവായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ വിവിധ ഇടങ്ങളിൽ വിള്ളലുകളും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പാലം അപകടാവസ്ഥയിലായിട്ടും ഭാരമേറിയ ലോറികൾ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. പാലത്തിന്റെ കൈവരിയും ശോചനീയാവസ്ഥയിലാണ്.