പ്രമാടം : രാത്രിയിൽ മാത്രമല്ല പകലും കാട്ടുപന്നികളുടെ വിളയാട്ടം മൂലം പൊറുതിമുട്ടി ജനം. ഇന്നലെ രാവിലെ പ്രമാടം കൃഷിഭവന് പിന്നിലുള്ള പാടത്തായിരുന്നു പന്നികൾ എത്തിയത്. പാടത്തെ തീറ്റപ്പുൽ കൃഷിക്കിടയിൽ ഒളിച്ചുകിടന്ന രണ്ട് പന്നികൾ ഇവിടെ പണിക്ക് എത്തിയവരെ ആക്രമിക്കാൻ ശ്രമിച്ചു. ഇവർ ബഹളംവച്ചതോടെ പന്നികൾ ഒാടിരക്ഷപ്പെട്ടു. നിരവധി സ്കൂൾ കുട്ടികൾ കാൽനടയായും സൈക്കിളിലും യാത്ര ചെയ്യുന്ന റോഡിന് സമീപത്താണ് ഈ പാടശേഖരം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പടക്കം പെട്ടിച്ചും പാട്ടകൊട്ടിയും രാത്രികാലങ്ങളിൽ ഇവയെ തുരത്തും . ഇതോടെയാണ് ഇവ പകൽവെളിച്ചത്തിൽ ഇറങ്ങിത്തുടങ്ങിയത്. മാസങ്ങളായി പ്രദേശത്ത് പന്നി ശല്യം രൂക്ഷമായിട്ടും അധികൃതർ പരിഹാരം കണ്ടിട്ടില്ല. നാട്ടുകാരെ സംഘടിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇതും നടപ്പായിട്ടില്ല.
ജില്ലാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പ്രമാടം. കൃഷിഭവന് എതിർവശമുള്ള റബർതോട്ടിൽ നേരത്തെ തേറ്റയുള്ള ഒറ്റയാൻ പന്നി താവളമുറപ്പിച്ചിരുന്നു. ഇതിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ഇവിടെ നിന്ന് തുരത്തിയത്. പന്നികൾ ആക്രമണകാരികളായി തുടങ്ങിയതോടെ പകൽ പോലും പുറത്തിറങ്ങാൻ ഇപ്പോൾ ആളുകൾക്ക് ഭയമാണ്. പന്നിക്കൂട്ടത്തെ പേടിച്ച് പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ പറമ്പുകളിൽ മേയാനും വിടുന്നില്ല.
ഭിതി വിതച്ച് ഒറ്റയാനും
പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം, മറൂർ കുളപ്പാറ ഭാഗം, മൃഗാശുപത്രി ഭാഗം, പനിയ്ക്കക്കുഴി ഭാഗം, അമ്പലഭാഗം, ളാക്കൂർ, വി.കോട്ടയം, പൂങ്കാവ്, മണലാടി ഭാഗം, പൂവക്കാട്, തെങ്ങുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുണ്ട്. തേറ്റയുള്ള ഒറ്റയാനും കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടവുമാണ് ഇതിൽ കൂടുതലും. ഇവയാണ് ആക്രമണകാരികളും. നേരത്തെ രാത്രികാലങ്ങളിൽ മാത്രമായിരുന്നു പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നത്. നാട്ടിൽ ഭീതി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നടപടികൾ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.