07-manthanam-market
മാന്താനം മാർക്കറ്റ്

കുന്നന്താനം: കുന്നന്താനം പഞ്ചായത്തിലെ മാന്താനം ചന്ത വിസ്മൃതിയിലേക്ക്. അതിപുരാതനമായ മാന്താനം ചന്തയിൽ ഒരുകാലത്ത് അന്യദേശങ്ങളിൽ നിന്നുപോലും കർഷകർ ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും എത്തിയിരുന്നു . ചങ്ങനാശേരിചന്ത കഴിഞ്ഞാൽ മദ്ധ്യതിരുവിതാംകൂറിലെ അതിപ്രധാനമായ ചന്തയായിരുന്നു ഇത്. അധികൃതരുടെ അനാസ്ഥമൂലമാണ് ചന്ത നാശാവസ്ഥയിലായത്.
ഒരു കാലത്ത് അതിരാവിലെ തുടങ്ങിയിരുന്ന ചന്ത ഉച്ചയായാലും അവസാനിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് ഇവിടെ കച്ചവടത്തിന് വരുന്നവർ നിരാശയോടെയാണ് മടങ്ങുന്നത്. ആറ്റുമീൻ , കുട്ടനാടൻ കുടംപുളി പോലെയുള്ള സാധനങ്ങളുമായി കച്ചവടക്കാർ എത്തുന്നുണ്ടെങ്കിലും വാങ്ങാൻ ആളുകൾ കാര്യമായി എത്തുന്നില്ല,​. പഴയകാലത്ത് റോഡിന്റെ ഇരുവശവും ധാരാളം കച്ചവടക്കാർ ഏകദേശം അരക്കിലോമീറ്റർ ദൂരത്തിൽ നിരന്നിരുന്ന് കച്ചവടം ചെയ്തിരുന്നു. ധാരാളം ആളുകൾ മാന്താനം ചന്തയെ ആശ്രയിച്ച് ജീവിതം കഴിച്ചുകൂട്ടിയിരുന്നു.
കെ .കെ .രാധകൃഷ്ണകുറുപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ചന്ത സജീവമാക്കിയിരുന്നു. പക്ഷേ പിന്നീട് ആരും തിരിഞ്ഞുനോക്കാതായി. പഞ്ചായത്ത് ഭരണസമിതി ചന്തയുടെ പുനരുദ്ധാരണത്തിനായി ലക്ഷങ്ങൾ മുടക്കിയെങ്കിലും പ്രയോജനപ്പെട്ടില്ല. ചന്തയിൽ കൊതുകുശല്യം രൂക്ഷമാണ്. .കെട്ടിടങ്ങൾ ഉപയോഗശൂന്യമായി. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാന്താനം ചന്തയുടെ വികസനത്തിന് പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല.

മാന്താനം ലാലൻ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്