തിരുവല്ല : നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യത്തിൽ മുലയൂട്ടലിനുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയോനേറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതാ കുമാരി എൽ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും പീഡിയാട്രിക് കാർഡിയോ തൊറാസിക്ക് സർജനുമായ ഡോ. ജോൺ വല്യത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോനേറ്റോളജി വിഭാഗം മേധാവി ഡോ.സുമിത അരുൺ, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.പാറ്റ്‌സി വർഗീസ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ് എന്നിവർ സംസാരിച്ചു. നവജാതശിശുക്കളുടെ ആരോഗ്യത്തിന് മുലയൂട്ടലിന്റെ പ്രാധാന്യം അറിയിക്കാൻ നഴ്സിംഗ് വിഭാഗം നൃത്താവിഷ്കാരം നടത്തി. ജോലിചെയ്യുന്ന അമ്മമാർക്ക് മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കാനായി അസിസ്റ്റന്റ് പ്രൊഫ.ഡോ. ജൂലിയറ്റ് ജോൺസ് നടത്തിയ ഗവേഷണത്തെ അധികരിച്ച് വിജ്ഞാനപ്രദമായ ക്ലാസും ഉണ്ടായിരുന്നു. എൻ.ഐ.സി.യു വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ബോധവത്കരണ വീഡിയോ പ്രദർശനവും നടത്തി.