തിരുവല്ല : കലാലയത്തിലെ എൻ.സി.സി ജീവിതത്തിലേക്ക് തിരിഞ്ഞുനോട്ടം നടത്തി മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ ഡോ. തീയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത. തിരുവല്ല മാർത്തോമാ കോളേജിന്റെ 73-ാം സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്യാൻ കോളേജിലെത്തിയതായിരുന്നു അദ്ദേഹം. എൻ.സി.സി കേഡറ്റ്സ് ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. 1966-68 കാലയളവിൽ എൻ.സി.സി അണ്ടർ ഓഫീസറായിരുന്ന മെത്രാപ്പൊലീത്ത. ആ കാലഘട്ടത്തിലെ ചിത്രം പ്രദർശിപ്പിച്ചാണ് എൻ.സി.സി കേഡറ്റുകൾ അദ്ദേഹത്തെ വരവേറ്റത്. എൻ.സി.സി തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച സംഘടനയാണെന്നും ജീവിതത്തിൽ അച്ചടക്കവും കൃത്യനിഷ്ഠയും വളർത്തുന്നതിന് എൻ.സി.സി വഹിച്ച പങ്ക് വലുതാണെന്നും മെത്രാപ്പൊലീത്ത അനുസ്മരിച്ചു. എം.ജി സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.സി.സി യൂണിറ്റാണ് തിരുവല്ല മാർത്തോമ കോളേജിലേത്. രാജ്യത്തെ ഏറ്റവും മികച്ച എൻ.സി.സി ഓഫീസർക്കുള്ള രക്ഷാമന്ത്രി മെഡൽ മാർത്തോമാ കോളേജ് എൻ.സി.സി അസോസിയേറ്റ് ഓഫീസർ ലെഫ്റ്റനന്റ് റെയ്സൺ സാംരാജുവിന് 2020ൽ ലഭിച്ചിരുന്നു.