തിരുവല്ല : സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിച്ചിരുന്ന സീതത്തോട് സ്വദേശി തുളസീരാജിനെ (38) പൊലീസ് അറസ്റ്റുചെയ്തു. ഡ്രൈവർജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ 30ന് രാത്രി എട്ടിനാണ് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇരവിപേരൂരിലെ വീട്ടിൽവച്ച് കത്തികൊണ്ട് ആക്രമിച്ചത്. 17കാരിയായ മൂത്തമകളെ ഉപദ്രവിച്ചതിനെ തുടർന്ന് ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയ ഇയാളെ കോട്ടയത്തെ ബന്ധുവിന്റെ വീട്ടിൽനിന്ന് എസ്.ഐ കെ.രവിചന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയും മക്കളും അമ്മയും ഇപ്പോൾ കൂട്ടുകാരിയുടെ വീട്ടിൽ കഴിയുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.