അടൂർ : പള്ളിക്കൽ, ഏനാദിമംഗലം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു പൊലീസ് സ്റ്റേഷനോ എയ്ഡ് പോസ്റ്റോ വേണമെന്ന ആവശ്യം കടലാസിൽ ഒതുങ്ങുന്നു. അടൂർ താലൂക്കിലെ അടൂർ നഗരസഭ, പള്ളിക്കൽ, ഏഴംകുളം, ഏനാദിമംഗലം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയുള്ളത്. ഇതിൽ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട, കുറുമ്പകര എന്നീ പ്രദേശങ്ങളും ഏറത്ത് പഞ്ചായത്തിലെ പുതുശേരി ഭാഗം, വയല, ചാത്തന്നൂർപുഴയും ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സ്റ്റേഷൻ പരിധിയിലുള്ള ഇത്രയും പ്രദേശങ്ങളിൽ ക്രമസമാധാനപാലനത്തിന് അടൂർ പൊലീസ് നന്നേ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ പൊതുപ്രവർത്തകനായ പള്ളിക്കൽ ലക്ഷ്മി ഭവനിൽ രാമാനുജൻ കർത്ത മുഖ്യമന്ത്രിക്ക് പള്ളിക്കൽ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
ഏനാദിമംഗലത്ത് ക്രമസമാധാന പ്രശ്നങ്ങൾ നിരവധി
അന്യസംസ്ഥാന തൊഴിലാളികളുടെ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചതും ലഹരി മാഫിയയുടെ സാന്നിദ്ധ്യവും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മാരൂർ ,കാട്ടുകാല ,പട്ടാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നുണ്ടെന്നുള്ള വിവരവും, മുൻപ് മരുതി മൂട്ടിൽ വൃദ്ധയെ ലഹരി മാഫിയ സംഘം ആക്രമിച്ച സംഭവം ഉൾപ്പെടെ ക്രമസമാധാന പ്രശ്നങ്ങൾ ധാരാളമുള്ള പ്രദേശമാണ് ഏനാദിമംഗലം. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളും പഞ്ചായത്തിലുണ്ട്. 2023ൽ കേരളത്തെയാകെ നടുക്കിയ സുജാത കൊലക്കേസ് നടന്നതും ഏനാദിമംഗലം പ്രദേശത്താണ്.
പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കണം
അടൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ഈ പ്രദേശങ്ങളിൽ എയ്‌ഡ് പോസ്റ്റെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ക്ഷേത്രങ്ങളിലെ ഉത്സവകാലവും അത് പോലെ തെരെഞ്ഞെടുപ്പ് കാലവും ആരംഭിക്കുമ്പോൾ എല്ലാ പ്രദേശങ്ങളിലും ഓടിയെത്തുന്നതിനും വേണ്ട സേവനങ്ങൾ നൽകുന്നതിനും പൊലീസുകാരും നന്നേ ബുദ്ധിമുട്ടുന്നുണ്ട്.
.......................................
പള്ളിക്കലിൽ പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ കഴിയും എന്ന പ്രതീക്ഷ നൽകുന്ന മറുപടി കത്താണ് പൊലീസ് വകുപ്പിൽ നിന്നും മുൻപ് ലഭിച്ചത്.
രാമാനുജൻ കർത്ത
പള്ളിക്കൽ
( മുഖ്യമന്ത്രിക്ക് നിവേദനം
നൽകിയ പൊതുപ്രവർത്തകൻ )