anganvadi

പത്തനംതിട്ട : കാെച്ചുകുട്ടികൾ ഫോൺ നോക്കിയിരിക്കരുതെന്ന് ടീച്ചർ ഉപദേശിക്കും. എന്നാൽ, അങ്കണവാടിയിൽ കുട്ടികൾ കാണുന്നത് ടീച്ചർമാർ ഫോൺ നോക്കിയിരിക്കുന്നതാണ്. അങ്കണവാടി തുറക്കുമ്പോൾ മുതൽ ടീച്ചർ ഫോണിലാണെന്ന് കുട്ടികൾ വീട്ടിൽ ചെന്ന് പറയും. അതുശരിയെന്ന് ജീവനക്കാർ സമ്മതിക്കുന്നു. ജോലിഭാരം ഏറിയതു കാരണം കുട്ടികളെ നോക്കാൻ ജീവനക്കാർക്ക് സമയം തികയാറില്ല. വർക്കറും ഹെൽപ്പറും അടങ്ങുന്നതാണ് അങ്കണവാടിയിലെ ജീവനക്കാർ. രാവിലെ ഒൻപതരയ്ക്ക് അങ്കണവാടികൾ തുറക്കുന്നത് മുതലുള്ള വിവരങ്ങൾ വർക്കർമാർ ഫോണിലെ പോഷൻ ട്രാക്കിൽ അപ് ലോഡ് ചെയ്യണം. കുട്ടികൾക്ക് ഭക്ഷണം കൊടുത്തതിന്റെയും ഒരാേ ദിവസത്തെയും പ്രവർത്തനങ്ങളും ഫോണിൽ നൽകണം. പ്രധാനമന്ത്രി മാതൃവന്ദനം യോജന പ്രകാരം മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയ വിവരങ്ങൾ വീടുകൾ സന്ദർശിച്ച് ശേഖരിച്ച് ഓൺലൈനിൽ അപ് ലോഡ് ചെയ്യണം. കുട്ടികളുടെ വാക്സിനേഷൻ യഥാസമയം നടത്തുന്നുണ്ടെന്ന് വീടുകളിൽ ചെന്ന് ഉറപ്പുവരുത്തണം. വിവരങ്ങൾ ശേഖരിച്ച് ഓൺലൈനിൽ നൽകണം. ഇങ്ങനെ അമിത ജോലിഭാരം അങ്കണവാടികളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായാണ് ജീവനക്കാരുടെ ആക്ഷേപം. പോഷൻ ട്രാക്ക് സാങ്കേതിക തകരാറിലാണെന്ന് ജീവനക്കാർ പറയുന്നു. നേരത്തേ ഇതിനായി പ്രത്യേകം ഫോണുകൾ നൽകിയിരുന്നു. പരിഷ്കരിച്ച ട്രാക്ക് ഫോണിലെ സോഫ്റ്റ് വെയർ സ്വീകരിക്കുന്നില്ല. ഇതേതുടർന്ന് ജീവനക്കാർ സ്വന്തം ഫോണുകൾ വഴിയാണ് വിവരങ്ങൾ നൽകുന്നത്. ഇതിനുള്ള ഇന്റർനെറ്റ് ചാർജ് ജീവനക്കാർക്ക് ലഭിക്കുന്നില്ല.

പാലും മുട്ടയും ജീവനക്കാർ നൽകണം

അങ്കണവാടി കുട്ടികൾക്ക് നൽകാനുള്ള പാലും മുട്ടയും വാങ്ങി നൽകുന്നത് ജീവനക്കാരാണ്. ഇതിന്റെ തുക സർക്കാരിൽ നിന്ന് ലഭിക്കുന്നത് രണ്ടും മൂന്നും മാസം കഴിഞ്ഞും. ഇന്റർനെറ്റ് ചാർജും ഗൃഹസന്ദർശത്തിന് പോകുന്നതിനുള്ള യാത്രാ ചെലവും ജീവനക്കാർ വഹിക്കണം. ഇതുകൂടാതെയാണ് മുട്ടയും പാലും വാങ്ങിക്കൊടുക്കേണ്ടത്.

വേതനം കൂട്ടണം

അങ്കണവാടി വർക്കർമാർക്ക് നിലവിൽ ലഭിക്കുന്ന വേതനം 13,000 രൂപയാണ്. ജോലിഭാരം ഇരട്ടിയായതോടെ 26,000 ആയി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

ജോലി ഭാരം കൂടിയതിന് പിന്നാലെ മേലുദ്യോഗസ്ഥരുടെ മാസസിക പീഡനം വർദ്ധിച്ചിരിക്കുകയാണ്. വിവരങ്ങൾ ഫോണിൽ അപ്ഡേറ്റ് ചെയ്യുന്നതിന് സെർവർ തകരാർ തടസമാകുന്നു. അങ്കണവാടികളിൽ വൈഫൈ സംവിധാനം നടപ്പാക്കണം. ശമ്പളം വർദ്ധിപ്പിക്കുകയും മുഴുവൻ തുകയും ഒരു ദിവസം തന്നെ കിട്ടുകയും വേണം.

എസ്.ശോഭ, ജില്ലാ സെക്രട്ടറി,

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ