റാന്നി: ചെത്തോങ്കര- അത്തിക്കയം റോഡിലെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചതോടെ യാത്രക്കാർക്ക് ഭീഷണിയായിരുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കംചെയ്യാൻ തുടങ്ങി റോഡിന്റെ വീതി കൂട്ടുന്നതിന് തടസമായി നിന്ന പോസ്റ്റുകൾ കെ.എസ്.ഇ.ബി. മാറ്റാതിരുന്നതോടെ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ ഇന്റർലോക്ക് ടൈലുകൾ സ്ഥാപിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി.യുടെ ഇടപെടൽ.
അപകടഭീഷണി ഉയർത്തിയിരുന്ന പത്തോളം വൈദ്യുതി പോസ്റ്റുകൾ വളവുകളിൽ നിന്ന് നീക്കംചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നിരപ്പായ സ്ഥലങ്ങളിലുള്ള പത്തോളം പോസ്റ്റുകൾ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി.യിൽ അടയ്‌ക്കേണ്ട ലേബർ ചാർജ് സംബന്ധിച്ച തർക്കങ്ങളാണ് മുഴുവൻ പോസ്റ്റുകളും മാറ്റുന്നതിന് തടസമായതെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ നൽകുന്ന വിശദീകരണം.
നേരത്തെ നിശ്ചയിച്ചിരുന്ന തുകയിൽ കെ.എസ്.ഇ.ബി. മാറ്റം വരുത്തിയതോടെ, അധികമായി വന്ന തുക കൂടി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാമ്പത്തിക പ്രശ്നം പരിഹരിച്ച് ബാക്കിയുള്ള പോസ്റ്റുകൾ കൂടി മാറ്റി സ്ഥാപിച്ചാൽ മാത്രമേ ചെത്തോങ്കര- അത്തിക്കയം റോഡിന്റെ നവീകരണം പൂർത്തിയാവു. ഇതിനോടൊപ്പം അത്തിക്കയം ടൗണിനോട് ചേർന്ന് റോഡിന്റെ വശങ്ങളിൽ വലിയ കട്ടിംഗ് രൂപപ്പെട്ടിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇതുവരെയും ഇവിടെ തിരിഞ്ഞുനോക്കിയിട്ടില്ല.