muncipal

തിരുവല്ല : നഗരവാസികൾക്ക് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഇനിമുതൽ പണം വാങ്ങി നഗരസഭയ്ക്ക് നൽകാം. നഗരസഭാ അംഗീകൃത ഏജൻസിയായ ക്രിസ് ഗ്ലോബലാണ് നഗരസഭയ്ക്കു വേണ്ടി ശേഖരണം നടത്തുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ - മാലിന്യത്തിന്റെ വില സർക്കാർ ഓരോ ഇനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കാനുള്ള തുക ഹരിതകർമ്മ സേനയ്ക്ക് നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ - മാലിന്യങ്ങൾ പുനചംക്രമണത്തിനായി കൊണ്ടുപോകുന്നത്. ഇ- മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നഗരസഭയിലെ എല്ലാ വാർഡുകളിലേയും ഹരിതകർമ്മസേന നേരിട്ട് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ - മാലിന്യങ്ങൾ തയാറാക്കി ഏജൻസിക്ക് നൽകാവുന്നതാണ്. ഇ - മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ് എസ്.സി.എസ് ക്യാമ്പസിൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ വിനു റവ.എബി ടി. മാമ്മനിൽ നിന്ന് ഇ -മാലിന്യത്തിന്റെ ആദ്യശേഖരണം നടത്തി. ക്ലീൻ സിറ്റി മാനേജർ ബിനോയ് ബി.ജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സുനിൽ സി, ഷൈനി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ് , മീര പി.എൽ, മനോജ് കുമാർ, ശ്രീലക്ഷ്മി ഷാജി, ക്രിസ് ഗ്ലോബൽ ഏജൻസി അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


കിലോ വില


പഴയ ഫ്രിഡ്ജ് ന് 16 രൂപ, ലാപ്ടോപ്പിന് 104 രൂപ, എൽ.സി.ഡി/എൽ.ഇ.ഡി ടി.വി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീൻ- 16രൂപ, ഫ്രണ്ട് ലോഡ്- 9രൂപ , സീലിംഗ് ഫാൻ- 41രൂപ, മൊബൈൽ ഫോൺ - 115രൂപ, സ്വിച്ച് ബോർഡ്-17രൂപ, എയർ കണ്ടീഷണർ- 58രൂപ എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ. ഇത്തരത്തിൽ 43 ഇനങ്ങളാണ് ശേഖരിക്കുക. ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും.