ആറന്മുള: വള്ളസദ്യകൾക്കും ജലമേളയിലും ആയിരക്കണക്കിന് ആളുകൾ ആറന്മുളയിൽ എത്തുമ്പോൾ ആവശ്യമായ ടോയ്ലെറ്റ് ഇല്ലാത്തത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായി പള്ളിയോട സേവാ സംഘം ഓഫീസ് കോമ്പൗണ്ടിൽ 10 ബയോ ടോയ്‌ലെറ്റുകൾ ഉപയോഗ സജ്ജമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബയോ ടോയ്‌ലറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആറന്മുള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടാണ് ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. പള്ളിയോട സേവാ സംഘം നടത്തിവരുന്ന പെയ്ഡ് സദ്യകളുടെ ബുക്കിംഗ് പുനരാരംഭിച്ചു. ഒക്ടോബർ 2 വരെയുള്ള കാലയളവിലാണ് പെയ്ഡ് സദ്യകൾ നടക്കുന്നത്. ഈ കാലയളവിൽ ഒഴിവുള്ള സീറ്റുകൾ ബുക്ക് ചെയ്യുന്നതിനാണ് അവസരമുള്ളത്. ആറന്മുള ബോട്ട് റേസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് സദ്യ ബുക്ക് ചെയ്യാൻ കഴിയുന്നത്. കെ.എസ്ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഇന്ന് 100 ട്രിപ്പുകൾ പൂർത്തിയായി. 400 ഓളം ട്രിപ്പുകളാണ് ഈ കാലയളവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വള്ളസദ്യ വഴിപാടുകളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഇതിനകം 510 വള്ളസദ്യകൾ ബുക്കിംഗ് പൂർത്തീകരിച്ചു. പള്ളിയോടങ്ങൾ മിക്കവാറും എല്ലാം തന്നെ പമ്പാനദിയിൽ നീരണിഞ്ഞ് ക്ഷേത്രദർശനം നടത്തിക്കഴിഞ്ഞു. ഇതുവരെ 87 വഴിപാട് വള്ളസദ്യകളാണ് നടത്തിക്കഴിഞ്ഞത്. പള്ളിയോടങ്ങളിൽ എത്തുന്ന തുഴച്ചിൽ കാർക്ക് പ്രത്യേകമായി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 9ന് നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലമേള സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. വർണാഭമായ ജല ഘോഷയാത്രയും മത്സര വള്ളംകളിയും ഉണ്ടായിരിക്കുന്നതാണ്. പുറത്തുനിന്നുള്ള തുഴച്ചിൽക്കാരെ കയറ്റുന്നത് നിയമവിരുദ്ധമായിരിക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ അനേകം വിശിഷ്ട വ്യക്തികൾ ജലമേള കാണുന്നതിനായി എത്തുന്നുണ്ട്. സെപ്റ്റംബർ 14 ന് ആറന്മുള ക്ഷേത്രത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് അഷ്ടമിരോഹിണി വള്ളസദ്യ നൽകുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി സദ്യയ്ക്ക് സംഭാവന നൽകുന്നതിന് പള്ളിയോട സേവാ സംഘവുമായി ബന്ധപ്പെടാവുന്നതാണ്.