thiruvalla
തിരുവല്ല തീപ്പിനിയിൽ കാണപ്പെട്ട മുള്ളൻ പന്നി

തിരുവല്ല : കാട്ടുപന്നിക്കും കാട്ടുപൂച്ചയ്ക്കും പിന്നാലെ മുള്ളൻ പന്നിയും തിരുവല്ലയിലെത്തി. കഴിഞ്ഞ ഏതാനും മാസത്തിനിടെ വന്യജീവികൾ ഓരോന്നായി ജനങ്ങളിൽ ഭീതിയുണ്ടാക്കി തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം വൈ.എം.സി.എ - തീപ്പിനി റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വ്യാഴാഴ്ച രാത്രി 9നാണ് മുള്ളൻ പന്നി ഇറങ്ങിയത്. തീപ്പിനി സ്വദേശിയായ ബിബിൻ ചാക്കോ കാറിൽ വീട്ടിലേക്ക് മടങ്ങും വഴി മുള്ളൻ പന്നി കാറിന് കുറുകെ ചാടുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ ബിബിൻ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. കാറിൽ നിന്നുള്ള വെട്ടം അടിച്ചതോടെ മുള്ളൻ പന്നി സി.എസ്.ഐ പള്ളിക്ക് സമീപമുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് ഓടിക്കയറി. 2020ൽ മലയോരം വിട്ട് കാട്ടുപന്നിയാണ് ആദ്യം കുറ്റൂരിലെത്തിയത്. പിന്നീട് ഇവ കൂട്ടത്തോടെ കവിയൂരിലും കല്ലൂപ്പാറയിലും മുത്തൂരിലും പെരിങ്ങരയിലുമെല്ലാം എത്തിച്ചേർന്നു. കുറേയെണ്ണത്തിനെ ഷൂട്ടർമാർ എത്തി വെടിവച്ചു കൊന്നിരുന്നു. ഇതിനുശേഷവും കാട്ടുപന്നികളെ പലഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മെയിൽ പുളിക്കീഴിൽ കാട്ടുപൂച്ച വീടിനുള്ളിൽ കയറിയിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇതിനെ പിടികൂടിയിരുന്നു. ഇതിനുശേഷം പൂച്ചപ്പുലിയെ മണിപ്പുഴയിലും കടപ്രയിലും കണ്ടു. കടപ്രയിലെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പൂച്ചപ്പുലിയെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടിയിരുന്നു. ഇതിനിടെ പൊടിയാടിക്ക് സമീപം പൂച്ചപ്പുലിയെ റോഡിൽ വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി. വേനൽക്കാലത്ത് മയിലുകളും പലയിടങ്ങളിൽ പറന്നെത്തി.

...................................................

മുള്ളൻ പന്നിയെ തിരുവല്ലയിൽ കാണുന്നത് ആദ്യമാണ്. ആൾപ്പാർപ്പില്ലാത്ത മിക്ക സ്ഥലങ്ങളും കാടുപിടിച്ചു കിടക്കുന്നതും വന്യജീവികൾക്ക് ആവാസമൊരുക്കുകയാണ്.അടിയന്തരമായി ഇതിന് പരിഹാരം കാണണം.

മാത്യൂസ് ചാലക്കുഴി

(വാർഡ് കൗൺസിലർ )​