ചെങ്ങന്നൂർ: കാലങ്ങളായി ചെങ്ങന്നൂരിലെ റെവന്യൂ ഓഫീസുകൾ നേരിട്ടിരുന്ന സ്ഥലപരിമിതിക്ക് ഉടൻ പരിഹാരമാകും. പഴയ താലൂക്ക് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിർമ്മിക്കുന്ന പുതിയ റെവന്യൂ ടവറിന്റെ നിർമ്മാണ ഉദ്ഘാടനം 14ന് നടക്കും. റവന്യൂ ഓഫീസുകൾക്ക് പുതിയ ആസ്ഥാനം എന്ന സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകുകയാണ്. നിർമ്മാണ ഉദ്ഘാടന മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിലവിൽ, വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെയാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് 22.12 കോടി രൂപ ചെലവിൽ 57,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലകളുള്ള മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ്, കാന്റീൻ, താലൂക്ക് ഇലക്ഷൻ ഗോഡൗൺ, പൊതു ആവശ്യങ്ങൾക്കുള്ള സ്ഥലം. ഒന്നാം നിലയിൽ സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്. രണ്ടാം നിലയിൽ താലൂക്ക് ഓഫീസ്. മൂന്നാം നിലയിൽ ആർ.ഡി.ഒ ഓഫീസ്, നാലാം നിലയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് റൂം, പൊതുവായ കോൺഫറൻസ് ഹാൾ, ഇതുകൂടാതെ, എല്ലാ നിലകളിലും പൊതുജനങ്ങൾക്കും ജീവനക്കാർക്കുമുള്ള ടോയ്ലെറ്റുകൾ, പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള കെട്ടിടങ്ങൾ, ഇലക്ഷൻ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടങ്ങൾ, സ്ട്രോംഗ് റൂം എന്നിവയും കെട്ടിടസമുച്ചയത്തിൽ ഉണ്ടാകും. ചെങ്ങന്നൂർ താലൂക്കിന്റെ 200-ാം പിറന്നാൾ വേളയിലാണ് ഈ പുതിയ ആസ്ഥാനം യാഥാർത്ഥ്യമാകുന്നത് എന്നത് ശ്രദ്ധേയമാണ്.
............................
നിർമ്മാണച്ചെലവ് 22.12 കോടി
57,000 ചതുരശ്ര അടി വിസ്തീർണ്ണം
5 നിലകൾ